കരുനാഗപ്പള്ളി : (truevisionnews.com) വീട്ടിൽ അതിക്രമിച്ച് കയറി വയോധികനെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ .
ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവിൽ കൈലാസം വീട്ടിൽ അനന്ദു(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. അനന്ദുവിന്റെ സുഹൃത്തായ അരുണിന്റെ അമ്മാവനെയാണ് അനന്ദുവും അരുണും ഇവരുടെ മറ്റൊരു സുഹൃത്തായ അമലും ചേർന്ന് ആക്രമിച്ചത്.
മുൻ വിരോധം നിമിത്തം വയോധികന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അസഭ്യം പറഞ്ഞ് ജനാലയുടെ ചില്ലുകളും മറ്റും അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ബഹളം കേട്ട് പുറത്തിറങ്ങിയ വയോധികനെ അനന്ദുവും സംഘവും വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. ആയുധം ഉപയോഗിച്ചുള്ള അനന്ദുവിന്റെ മർദ്ദനത്തിൽ വയോധികന്റെ നെറ്റിയിലും മൂക്കിലും പരിക്കേറ്റു.
മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. വയോധികന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് പ്രതികളെ തിരിച്ചറിയുകയും അക്രമി സംഘത്തിൽ ഉൾപ്പെട്ട മാലുമ്മൽ സ്വദേശി അമലിനെ പിടികൂടുകയും ചെയ്യ്തു.
തുടർന്ന് മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് അനന്ദു കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പോലീസിന്റെ വലയിലായത്.
ഏപ്രിൽ 14ന് ശൂരനാടു സ്വദേശിയായ യുവാവിനെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ വച്ച് ഇടിക്കട്ട കൊണ്ട് അതി ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇയാൾ വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രതീപ് കുമാര്‍ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ. തമ്പി, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഒ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#Elderly #man #attacked #weapons #after #trespassing #house #accused #who #fired #Mitch #custody.