മലപ്പുറം: (truevisionnews.com)എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനെ ഫോണില്‍ അറിയിച്ച മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും.
ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കും. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് ആലോചന.
മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമർശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശവും ഗുരുതരമെന്നാണ് വിലയിരുത്തൽ.
അതേസമയം, പി വി അൻവറിൻ്റെ ആരോപണങ്ങളിൽ ആടിയുലയുകയാണ് പൊലീസ്. തനിക്കെതിരായ ആരോപണങ്ങളിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ പരാതി നൽകും.
സംസ്ഥാന പൊലീസ് മേധാവിക്കാണ് എഡിജിപി പരാതി നൽകുക. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അജിത്കുമാർ ആവശ്യപ്പെടും. എസ്പി സുജിത് ദാസിനെതിരെയും നടപടി ആവശ്യപ്പെടാനാണ് തീരുമാനം.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ഫോൺ സംഭാഷണം റിപ്പോർട്ടറിന് ലഭിച്ചിരുന്നു. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന പരാതി പിൻവലിക്കാനാണ് സുജിത്ത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നു. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്.
25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ് പി കൂട്ടിച്ചേർക്കുന്നു.
ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയിൽ സർവ്വശക്തനായിരുന്ന പി വിജയനെ നശിപ്പിച്ചത് എം ആർ അജിത് കുമാർ ആണ്.
കേസിലുൾപ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിൽ വ്യക്തമാണ്. സേനയിൽ അജിത് കുമാർ സർവ്വശക്തനാണ്.
കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത് കുമാർ ആണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാർ. പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാൾക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്.
ബിസിനസ്സുകാർ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു. എന്നാൽ താൻ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറില്ലെന്നാണ് എംഎൽഎ നൽകിയ മറുപടി.
നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയത് അന്ന് കൊച്ചിയിലായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരന്റെ അടുത്താണ്. എന്നാൽ മൊഴിയെടുത്തില്ലെന്നുംസുജിത്ത് ദാസ് ആരോപിച്ചു.
മരംമുറി പരിശോധിക്കാൻ കഴിഞ്ഞദിവസം ക്യാമ്പ് ഓഫീസിലെത്തിയ എംഎൽഎയെ സിപിഒ തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് എംഎൽഎ മടങ്ങിയെങ്കിലും ക്യാമ്പ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
എന്നാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി വി അൻവർ എംഎൽഎ വ്യക്തമാക്കി. താൻ ഉന്നയിച്ച കാര്യങ്ങളിൽ മുന്നോട്ട് പോകും.
പാർട്ടിയിൽ നിന്ന് സമ്മർദ്ദങ്ങൾ ഇല്ല. ദൈവത്തെയും പാർട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം. അല്ലാതെ ഒരാൾക്കും കീഴ്പെടുകയും ഭയപ്പെടുകയും ഇല്ലെന്നും പി വി അൻവർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
സേനയിലെ ഒരു വിഭാഗത്തിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത്കുമാർ ആണ്. അജിത്കുമാറിന്റെ ഒന്നാം നമ്പർ ശിഷ്യൻ ആണ് സുജിത്ദാസ്. എഡിജിപിയായി അജിത്കുമാർ തുടരണോ എന്നതിൽ അഭിപ്രായം പറയുന്നില്ല.
പൊലീസ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താൽ കള്ള കേസിൽ കുടുക്കും. അതാണ് പൊലീസ് രീതി. ഇനിയും ഈ കാര്യങ്ങൾ പറയാതിരിക്കാൻ ആവില്ല.
ഇപ്പോഴും ഇത് പറഞ്ഞില്ലെങ്കിൽ ഈ പാർട്ടിയും ഈ സർക്കാരും ഒന്നും ഉണ്ടാകില്ലെന്നും എഡിജിപിക്ക് എതിരെ അന്വേഷണം വന്നാൽ തെളിവുകൾ കൈമാറുമെന്നും പി വി അൻവർ വ്യക്തമാക്കി.
#Attempt #influence #MLA #Departmental #inquiry #against #SujitDas