ഇടുക്കി: ( www.truevisionnews.com ) വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവർന്നെന്ന പരാതിയിൽ വട്ടംചുറ്റി പോലീസ്. അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത് വീട്ടമ്മയുടെ നാടകം.
നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം. മുഖംമറച്ചെത്തിയ രണ്ടുപേർ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും പണം അപഹരിച്ചെന്നായിരുന്നു ആരോപണം.
നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയായിരുന്നു സംഭവം.
വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയൽവാസിയായ യുവതി അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകിൽ മുട്ടുന്നതുകേട്ട് വീടിന്റെ പിൻവശത്തെത്തിയപ്പോൾ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞു.
വീടിനുള്ളിൽ കടന്ന് തന്നെ തള്ളിതാഴെയിട്ടു. അലമാരിയുടെ താക്കോൽ എടുപ്പിച്ചെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ബാങ്കിൽനിന്ന് കൊണ്ടുവന്ന് അലമാരിയിൽ വെച്ച പത്തുലക്ഷത്തിലധികം രൂപയുമായി മോഷ്ടാക്കൾ പോയെന്നും വീട്ടമ്മ പറഞ്ഞു.
എന്നാൽ, വിശദമായ മൊഴിയെടുപ്പിൽ ആരോപണം വ്യാജമാണെന്ന് പോലീസിന് ബോധ്യമായി. കുടുംബം വർഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂർത്തിയാക്കിയ ചിട്ടി അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യാനിരിക്കുകയായിരുന്നു.
ഇതിനിടയിൽ നടന്ന വ്യാജ മോഷണക്കഥ ചിട്ടിയിൽ ചേർന്നവരെയും ആശങ്കയിലാക്കി. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
#police #broke #drama #about #fake #robbery #story