കല്‍പ്പറ്റ (വയനാട്): ( www.truevisionnews.com )ഒറ്റരാത്രികൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടലിന്റെ തത്സമദൃശ്യങ്ങൾ പുറത്ത്.
ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി മുണ്ടക്കൈ ചൂരൽ മലയിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.
ഇരച്ചെത്തുന്ന മലവെള്ളം നിമിഷങ്ങൾക്കുള്ളിൽ എല്ലാം തുടച്ച് നീക്കിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ചൂരൽ മലയിലെ കടകളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മുണ്ടക്കൈയിലെ കടകളിലേയും പള്ളിയിലേയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
നിമിഷനേരം കൊണ്ട് വെള്ളം ഇരച്ചെത്തുകയും ചെളിയും കല്ലും നിറയുന്നതും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കം എടുത്തെറിയപ്പെടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന.
10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. അതിനിടെ വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.
മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും തെരച്ചിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവിൽ അനുവദിക്കുന്നില്ല.
#wayanad #landslide #cctv #footage #out