(truevisionnews.com) പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യമാണെന്ന് രമേശ് ചെന്നിത്തല.
ഇന്ത്യയുടെ മഹത്തായ 78-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ഇത്തരമൊരു അപമാനത്തിന് കളമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നു വീണ്ടും തെളിയിക്കുന്നു.
അടല്‍ ബിഹാരി വാജ്‌പേയി ഭരിച്ച അഞ്ചു വര്‍ഷവും പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്കു സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളില്‍ മുന്‍നിരയില്‍ സീറ്റു നല്‍കിയ പാരമ്പര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.
വാജ്‌പേയിയുടെ ബി.ജെ.പിയില്‍ നിന്ന് അധികാര ദുര പൂണ്ട മോദി-ബിജെപിയിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്.
ഈ അപമാനത്തില്‍ ജനാധിപത്യ ഇന്ത്യ പ്രതിഷേധിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിയിലായിരുന്നു.
കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്.
ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്. ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.
#Democracy #insulted #leader #opposition #backseat #RameshChennithala