പാരീസ്: (truevisionnews.com) ഒളിംപിക്സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി.
ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്‍റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും. ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് നടത്തിയ പതിവ് ഭാരപരിശോനയിലാണ് വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയത്.
തടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബന്‍ താരം യുസ്നെലിസ് ഗുസ്മാന്‍ ലോപസ് ഫൈനലില്‍ അമേരിക്കന്‍ താരം സാറാ ഹില്‍ഡര്‍ബ്രാന്‍ഡിനോട് മത്സരിച്ചു.
സാറ ഫൈനലില്‍ ജയിച്ച് സ്വര്‍ണം നേടി. ക്യൂബന്‍ താരം വെള്ളി നേടിയപ്പോള്‍ ക്വാര്‍ട്ടറില്‍ വിനേഷിനോട് തോറ്റ ജപ്പാന്‍ താരം യു സുസാകി റെപ്പഷാജില്‍ മത്സരിച്ച് വെങ്കലവും സ്വന്തമാക്കിയിരുന്നു.
അയോഗ്യയാക്കപ്പെട്ടതോടെ വിനേഷിന്‍റെ പേര് 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ചവരില്‍ അവസാന സ്ഥാനത്താണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഫൈനല്‍ വരെ എത്തിയതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷിന്‍റെ ആവശ്യം.
വിനേഷിന്‍റെ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
വാദത്തിനിടെ ഫെഡറേഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്, ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ല എന്നുമായിരുന്നു.
നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും ഫെഡറഷേൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
#Disappointment #India #No #medal #VineshPhogat #appeal #dismissed #SportsCourt