കൽപറ്റ: (truevisionnews.com) മുണ്ടക്കൈ ഉരുൾപൊട്ടലിൽ ലഭിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഇന്ന് അറിയാം.
പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുതുടങ്ങിയിരുന്നു. ഇന്ന് മുതൽ ഫലം പരസ്യപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ കഴിഞ്ഞയാഴ്ച അടക്കംചെയ്തിരുന്നു. ഓരോ കുഴിമാടത്തിനും പ്രത്യേകം നമ്പർ നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന ബന്ധുക്കളുടെ ഡി.എൻ.എ പരിശോധനക്ക് സാംപിളുകൾ നേരത്തെ എടുത്തിരുന്നു.
ഇന്ന് വരുന്ന ഫലങ്ങളും ബന്ധുക്കളുടെ ഫലങ്ങളും ഒത്തുനോക്കിയാണ് മരിച്ചവരെ തിരിച്ചറിയുക. ഇന്നലെ നടന്ന ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങളാണ് മേഖലയിൽ നിന്ന് ലഭിച്ചത്.
അട്ടമലയിൽനിന്ന് അസ്ഥിയും കണ്ടെത്തി. തിരച്ചിൽ ഇന്നും തുടരും. ഞായറാഴ്ച കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനായിരുന്നില്ല. സന്നദ്ധപ്രവർത്തകർ ശരീരഭാഗങ്ങൾ തോളിൽ ചുമന്ന് കൊണ്ടുവരുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടോടെ മുണ്ടക്കൈയിലും ചൂരൽമലയിലും ശക്തമായ മഴ പെയ്തതോടെ തിരച്ചിൽ നിർത്തി. ബെയ്ലി പാലം താൽക്കാലികമായി അടക്കുകയും ചെയ്തു. ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 178 പേരെ തിരിച്ചറിഞ്ഞു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വിശദമായ തിരച്ചിൽ നടത്തും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ചു കി.മീറ്റർ ദൈർഘ്യത്തിലായിരിക്കുമിത്.
എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷസേന, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമാണ് പങ്കെടുക്കുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.
വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക.
#WayanadLandslide #DNA #test #results #unidentified #bodies #today