കൽപ്പറ്റ:(truevisionnews.com)വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.
തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു.
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്.
വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎൻഎ പരിശോധനാ ഫലം കിട്ടിത്തുടങ്ങി.
ഇന്ന് മുതൽ ഇത് പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും.
താൽക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് സർക്കാർ.250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക.
ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോൺ പരിശോധന ഇന്നും തുടരും. വിലങ്ങാട് പല ഇടങ്ങളിലായി നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്. ശേഷിച്ച സ്ഥലങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും.
#no #search #chaliyar #river #today #wayanad #landslide