പാരീസ്: (truevisionnews.com)ഒളിംപിക്‌സ് കാത്തിരുന്ന ഹൈജംപ് പോരാട്ടം കണ്ണീരില്‍ കുതിര്‍ന്നു. മത്സരത്തിനിടെ ചോരതുപ്പിയ ഇറ്റാലിയന്‍ താരം ജിയാന്‍മാര്‍ക്കോ തംമ്പേരിയും വെങ്കലമണിഞ്ഞ ഖത്തര്‍ താരം മുതാസ് ബര്‍ഷിമും ഒളിംപിക്‌സിലെ നൊമ്പര കാഴ്ച്ചയായി.
മൂന്നു വര്‍ഷം മുന്‍പ് രണ്ട് ചാട്ടക്കാര്‍ക്ക് മുന്‍പില്‍ ലോകമെഴുന്നേറ്റു നിന്നു. നിര്‍ത്താതെ കയ്യടിച്ചു. പോരാട്ടങ്ങളില്‍ വെട്ടിപിടിക്കല്‍ മാത്രമല്ല പങ്കുവയ്ക്കല്‍ കൂടിയുണ്ടെന്ന് പഠിപ്പിച്ച ജിയാന്‍മാര്‍ക്കോ തംമ്പേരിയും മുതാസ് ബര്‍ഷിമും.
ഹൈജംപില്‍ സ്വര്‍ണം പങ്കിട്ട് ടോക്കിയോയില്‍ നിന്ന് മടങ്ങിയ ഇരുവരും പാരിസില്‍ വീണ്ടും മാറ്റുരച്ചു. പക്ഷെ ഇഷ്ടതാരങ്ങളുടെ മത്സരം കാണനെത്തിയവര്‍ നിശബ്ദരായി.
വൃക്കയില്‍ നിന്നിരച്ചെത്തിയ വേദന കൊണ്ട് പുളയുന്ന തംമ്പേരി. സീസണില്‍ തന്റെ മികച്ച ഉയരം കണ്ടെത്തിയിട്ടും മൂന്നാമനായി മടങ്ങിയ ബര്‍ഷിം. നിരാശ പടര്‍ന്ന ജംപിങ് പിറ്റില്‍ പുതിയ താരോദയം.
ഒളിംപിക്‌സിനെത്തും മുന്‍പേ മൂത്രാശയത്തിലെ കല്ലുകള്‍ തംമ്പേരിയെ തളര്‍ത്തിയിരുന്നു. ചികിത്സയ്ക്കിടയിലും മത്സരത്തിനിറങ്ങി.ടോക്കിയോ തന്ന സ്വര്‍ണം നിലനിര്‍ത്തണമായിരുന്നു തംമ്പേരിക്ക്. പക്ഷെ പാരീസില്‍ പതിനൊന്നാമനായി മടക്കം.
കാല്‍കുഴയില്‍ പരിക്കേറ്റ് റിയോ ഒളിംപിക്‌സിലിറങ്ങാന്‍ തംമ്പേരിക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് മറ്റൊരു രൂപത്തില്‍ ദൗര്‍ഭാഗ്യമെത്തി.
പുറത്തായി മടങ്ങുമ്പോള്‍ ബര്‍ഷിം തംമ്പേരിയെ ഒരിക്കല്‍ കൂടി പുണര്‍ന്നു. വെങ്കല മെഡലണിഞ്ഞ ബര്‍ഷിമിന് മുന്നില്‍ രണ്ടുപേര്‍. അമേരിക്കയുടെ ഷെല്‍ബിയ്ക്ക് വെളളി. ന്യൂസിലന്‍ഡിന്റെ ഹാമിഷ് കേറിന് സ്വര്‍ണം.
#tamberi #finishes #eleventh #barshim #third #paris- #olympics #high #jump