നിലമ്പൂർ: (truevisionnews.com) മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പശു ഫാമിന്‍റെ മറവിൽ എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവിനെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.
മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയൻ അബൂബക്കറാണ് (37) പിടിയിലായത്.
ഫാമിൽ നിർത്തിയിട്ടിരുന്ന പ്രതിയുടെ കാറിൽ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തു.
അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം പശു ഫാമും പരിസരവും പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.
തുടർന്നാണ് നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് നിലമ്പൂർ എസ്എച്ച്ഒ മനോജ് പറഞ്ഞു.
പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്ക് എംഡിഎംഎ ലഭിച്ചത് എവിടെ നിന്നാണെന്നും ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
എസ്.ഐ തോമസ് കുട്ടി ജോസഫ്, സി.പി.ഒമാരായ പ്രിൻസ്, അനസ്, അജയൻ എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#Youth #sells #MDMA #drug #under #cover #cowfarm #police #tookaway #car