കൽപ്പറ്റ: (truevisionnews.com) ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ 8 പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം.
മുണ്ടക്കൈൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങളാണ് ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചത്. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെ നാട് യാത്രയാക്കി.
മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്.
നൂറ് കണക്കിന് ആളുകളാണ് പുത്തുമലയിൽ ഇവരെ കാത്തിരുന്നത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്.
ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്.
തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമതപ്രാർത്ഥനയിലും പങ്കെടുത്തത്.
ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രി എ.കെ ശശീന്ദ്രൻ, കെ രാജൻ, എംബി രാജേഷ് അടക്കം മന്ത്രിമാരും സ്ഥലത്ത് സന്നിഹിതരായി.
ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളാണ് ലഭിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി.
അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒടുവിൽ തീരുമാനമായി. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
#wayanad #landslide #8 unclaimed #dead #bodies #cremated #together #puthumala