വയനാട് :( truevisionnews.com) സെക്കൻഡുകൾക്ക് ജീവൻ്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുച്ചൂടും മുടിച്ച് ദുരന്തം കുത്തിയൊലിച്ചുവന്ന ആ രാത്രിയെ കൽപറ്റ നിലയത്തിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസറായ അനിൽ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.
ഉരുൾപൊട്ടി എന്നറിയിച്ചു കൊണ്ടെത്തിയ ഫോൺ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പുഞ്ചിരിമട്ടത്തെത്തുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ജീവൻ മുറുകെപിടിച്ച് ഒരു കുന്നിൻ്റെ മുകളിൽ അഭയം പ്രാപിച്ചു. ഭയാനകമായ ആ രാത്രി ഓർത്തെടുക്കുകയാണ് അനിൽ.
ഉരുള്‍പൊട്ടലുണ്ടായി എന്ന് സന്ദേശം ലഭിക്കുന്നത് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ്. സാറേ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. എത്രയും വേഗം വരണം.
ഞങ്ങളിപ്പോള്‍ മരിക്കും എന്നു പറഞ്ഞു. നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചപ്പോള്‍ പേര് മണികണ്ഠന്‍ എന്നാണ് മുണ്ടക്കൈയിൽ നിന്നാണ് വിളിക്കുന്നത് വേഗം വരണേ സാറേ എന്നു പറഞ്ഞു.
പിന്നെ ഒരു അലറികരച്ചിലായിരുന്നു. ഉടനെ തന്നെ പതിനഞ്ചോളം ജീവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. അതിശക്തമായ മഴയായിരുന്നു. പോകുന്ന വഴി മണ്ണിടിച്ചിലുമുണ്ടായി.
മേപ്പാടി പോളിടെക്‌നിക് കോളേജിന്റെ അടുത്തെത്തിയപ്പോൾ റോഡിൽ മരം വീണ് കിടക്കുന്നു. ആ മരം മുറിച്ചു മാറ്റിയെ അതുവഴി കടന്നുപോകാൻ സാധിക്കുമായിരുന്നുള്ളൂ.
മരം മുറിച്ചു മാറ്റാന്‍ ഏകദേശം അരമണിക്കൂറോളമെടുത്തു. ഒരുവിധം ചൂരൽമലയിലെത്തി. അവിടെ എത്തുമ്പോൾ കൂറ്റാകൂരിരുട്ട്. വഴി നിറച്ചും മുട്ടോളം ചെളി. മുണ്ടക്കൈയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ അങ്ങോട്ടു പോകരുത് പാലം ഒലിച്ചുപോയി എന്ന് നാട്ടുകാര്‍ പറഞ്ഞു. എന്താണ് സ്ഥിതി എന്ന് നോക്കാന്‍ മുന്നോട്ടുപോയി. വെളിച്ചം തീരെയില്ലാത്തതുകൊണ്ട് അസ്‌ക ലൈറ്റ് കത്തിച്ചു.
ശേഷം കൈയിലുള്ള ടോര്‍ച്ചുമായി തിരച്ചിലിനിറങ്ങാൻ തീരുമാനിച്ചു. ആ സമയം രണ്ടു റെവന്യൂ ജീവനക്കാരും രണ്ടു പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. അവരെയും കൂട്ടിയാണ് തിരച്ചിലിനിറങ്ങിയത്. ചൂരൽമല സ്കൂളിനടുത്തെത്തിയപ്പോൾ ഒരു സ്ത്രീ വരാന്തയില്‍ കിടക്കുന്നു. എവിടുന്നോ ഒഴുകിവന്നതാണ്.
അടുത്തു ചെന്ന് നോക്കിയപ്പോൾ ജീവനുണ്ട്. അവരെ രക്ഷപ്പെടുത്തി. വീണ്ടും ആരെങ്കിലുമുണ്ടോയെന്ന് തിരയുന്നതിനിടെയാണ് ഓടിക്കോ അടുത്തത് വരുന്നുണ്ട് എന്നാരോ വിളിച്ചു പറയുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ഓടിക്കോ എന്ന് പറഞ്ഞതുകൊണ്ട് എന്തോ ആപത്ത് വരാന്‍ പോകുന്നു എന്ന് കരുതി ഞങ്ങള്‍ ഓടി. പിന്നാലെ ഒരു ഹുങ്കാരശബ്ദവും കേട്ടു. ജമ്പ് ബൂട്ടുള്ളതുകൊണ്ടാണ് ചെളിയിലൂടെ ഓടാൻ കഴിഞ്ഞത്. സെക്കന്‍ഡുകള്‍ക്ക് ജീവന്റെ വിലയുണ്ടെന്ന് പറയാറില്ലേ ആ അവസ്ഥ അന്ന് അനുഭവിച്ചു.
ഓട്ടത്തിനിടെ ഒരു ഗേറ്റ് കണ്ടു, എന്തോ ഭാഗ്യത്തിന് ആ ഗേറ്റ് പൂട്ടിയിട്ടില്ലായിരുന്നു. ഗേറ്റ് കടന്ന് ഒരു തേയില തോട്ടത്തിലേക്ക് ഓടികയറി. തൊട്ടുപിന്നാലെ മലവെള്ളം കുത്തിയൊഴുകി പോകുന്നു. അത് രണ്ടാമത്തെ ഉരുള്‍പൊട്ടലായിരുന്നു. ആദ്യത്തിനേക്കാളും ഭീകരമായിരുന്നു രണ്ടാമത്തേത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ കേറിയ കുന്നും ആ സമയത്ത് കിടുകിടാ വിറയ്ക്കുകയായിരുന്നു. ഭയം കൊണ്ടു ഞങ്ങളാകെ വിറച്ചു.
തൊണ്ടയിലെ വെള്ളം വറ്റി നാവ് അണ്ണാക്കിലേക്ക് ഒട്ടുന്ന അവസ്ഥ. ഒടുവില്‍ പെരുമഴയിലേക്ക് നാവുനീട്ടി തൊണ്ട നനച്ചു. കുന്നിന്റെ മുകളില്‍ ഏതാണ്ട് ഒരുമണിക്കൂറോളം പേടിച്ചുവിറച്ചിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. വെള്ളത്തിന്റെ ഒഴുക്കിന്റെ് കുറഞ്ഞതുപോലെ തോന്നിയപ്പോഴാണ് കുന്നിറങ്ങി വന്നത്.
കുന്നിന്റെ മുകളിലുണ്ടായിരുന്നവരെയൊക്കെ രക്ഷിച്ചു. ഞങ്ങളാദ്യമെത്തിയ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. അവിടെ മുഴുവന്‍ പാറകല്ലുകളും കടപുഴകിയ മരങ്ങളും. ആദ്യത്തെ പൊട്ടലിനു ശേഷം ടോര്‍ച്ചടിച്ച് കുറേപേര്‍ നിക്കുന്നുണ്ടായിരുന്നു.
രണ്ടാമത്തെ ഉരുള്‍പൊട്ടലിനു ശേഷം അവരെയാരെയും കാണുന്നില്ല. ഉരുള്‍പൊട്ടലില്‍ അവരൊക്കെ ഒഴുകി പോയോ എന്നാണ് സംശയം. അത് മനസ്സിനാകെ ആഘാതമുണ്ടാക്കി.
ആ പേടിയില്‍ നിന്നും ഞെട്ടലില്‍ നിന്നും മാറുന്നതിന് മണിക്കൂറുകളെടുത്തു ഞങ്ങളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി. കുറേയധികം സമയത്തിനു ശേഷമാണ് സാധാരണനിലയിലായത്. എങ്കിലും അതിനിടയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു.
കുറച്ചു പേരെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു. കുറേ പേരുടെ മൃതശരീരം കിട്ടി. നേരം വെളുക്കാറായപ്പോഴേക്കുമാണ് മറ്റു സേനകളവിടെയെത്തുന്നത്. അവരും രക്ഷാപ്രവര്‍ത്തനത്തില്‍ നല്ലരീതിയില്‍ സഹകരിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അന്ന് വൈകിട്ടോടെ ഏകദേശം 600-ഓളം ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞു.
#mundakkai #chooralmala #landslide #fire #force #officer #shares #experience