മേപ്പാടി: (truevisionnews.com) മുഖം നോക്കിയിട്ട് പോലും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളെ നോക്കി ഉഴലുകയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ജീവനോടെ ശേഷിക്കുന്ന മനുഷ്യർ.
അത്രയും കാലം അവർ കണ്ടവരും അവർക്കൊപ്പമുണ്ടായിരുന്നവരും അല്ലേ ഇതെന്ന് സംശയിച്ചു പോവും വിധത്തിലാണ് ദുരന്തം ആ നാടിനെ തുടച്ചുനീക്കിയത്.
ഒരു മലയെ മുഴുവൻ വിഴുങ്ങിയെത്തിയ ഉരുൾപൊട്ടൽ അവരെ വാരിയെടുത്ത് കുതിച്ചു പാഞ്ഞപ്പോൾ ചിലരെല്ലാം എവിടെയൊക്കെയോ തങ്ങി നിന്നു ചിലരെല്ലാം മണ്ണിൽ പുതഞ്ഞു പോയി.
വേറെ ചിലർ കിലോമീറ്ററുകൾക്കപ്പുറത്തേക്കാണ് ഒലിച്ചുപോയത്. മുണ്ടക്കൈയിൽ നിന്നും മൃതദേഹങ്ങൾ ചാലിയാർ വരെ എത്തി. ചിതറിതെറിച്ച ശരീരഭാഗങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു.
പലരും അടയാളങ്ങൾ നോക്കി തപ്പിപ്പിടിച്ചു. അതു പോലും അവശേഷിക്കാത്ത ശരീരങ്ങൾ മോർച്ചറിയിൽ ഉറ്റവരെ കാത്ത് കിടക്കുകയാണ്. കിട്ടിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങൾ ഇനിയും കണ്ടെത്താനുമുണ്ട്.
കൈയ്യും കാലും തലയുമൊക്കെയായി വേർപെട്ടുപോയ ശരീരങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുന്നവരാണ് അധികം പേരും. ശരീരഭാഗങ്ങൾ വേർപെട്ട മൃതദേഹങ്ങളുടെ ഫോട്ടോകൾ ശേഖരിക്കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോകളാണ് എടുത്ത് സൂക്ഷിക്കുക.
ഡിഎൻഎ പരിശോധന നടത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. ഇത്തരത്തിലുള്ള മൂന്ന് മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തുക. ഡിഎന്‍എ സാമ്പിള്‍, മറ്റു വിവരങ്ങള്‍ എന്നിവ സൂക്ഷിക്കും. ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച വിവരം പോലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കണം.
അടക്കം ചെയ്യുന്ന സ്ഥലവും മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കേണ്ടതുണ്ട്.
അതേസമയം കുടുംബം മുഴുവൻ മരിച്ച കേസുകളിൽ ഡിഎൻഎ പരിശോധനയും വെല്ലുവിളിയാണ്. മറ്റ് ബന്ധുക്കളെ കണ്ടെത്തി വിളിച്ചു വരുത്താനും ഡിഎൻഎ പരിശോധന നടത്താനുമാണ് തീരുമാനം.
#Unidentified #deadbodies #return #interfaith #prayer