കൽപ്പറ്റ: (truevisionnews.com) പ്രിയപ്പട്ടവരെ ചേർത്ത് പിടിച്ച് കിടന്നുറങ്ങുന്നതിനിടെയാണ് നൂറുകണക്കിന് മനുഷ്യരുടെ ജീവിതമപ്പാടെ തകർത്തെറിഞ്ഞ് വയനാട്ടിൽ ഉരുൾപ്പൊട്ടിയത്.
മുണ്ടക്കൈയേയും ചൂരൽമലയേയും പുഞ്ചിരി മട്ടത്തേയും അട്ടമലയേയും തകർത്തെറിഞ്ഞ ദുരന്തം സംഭവിച്ച് അഞ്ച് നാൾ പിന്നിടുമ്പോഴും മണ്ണിനടിൽ ഉറ്റവരുടെ അവേശേഷിപ്പുകൾ തേടുകയാണ് ജീവൻ തിരികെ കിട്ടിയ മനുഷ്യർ.
മണ്ണിടിഞ്ഞ് അപ്രത്യക്ഷമായ കഴിഞ്ഞ കാലത്തിന്‍റെ ബാക്കി നിൽക്കുന്ന എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും തങ്ങളുടെ വീടിരുന്ന സ്ഥലത്ത് എത്തുകയാണ് ഇവർ.
വലിയ പാറകളും മരത്തടികളും ഉരുളൻ കല്ലുകളും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുമിടയിൽ ചൂരൽമലയിൽ തെരച്ചിൽ തുടരുകയാണ് നാട്ടുകാരനായ വിപിൻ.
വിപിന്‍റെ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ പാറക്കൂട്ടങ്ങൾ മാത്രമാണ് കാണാനാവുക. വീട് തകർന്നെങ്കിലും ജീവൻ തിരിച്ച് കിട്ടി, പക്ഷേ എല്ലാം നഷ്ടപ്പെട്ടു. ഗർഭിണിയായ ഭാര്യക്ക് മണ്ണിടിച്ചിലിൽ പരിക്കേറ്റിട്ടുണ്ട്.
ഒന്ന് കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അച്ഛന്‍റെയും അമ്മയുടേയും ശരീരമാകെ മുറിവുകളാണ്. ഇവിടെ നിന്ന് കിട്ടിയതാണ് ഈ കല്യാണ സാരി.
വിവാഹ സമയത്ത് ഭാര്യ ഉടുത്തിരുന്ന സാരിയാണിതെന്ന് വിപിൻ പറയുന്നു. പുഞ്ചിരി മട്ടത്തെ ഷഫീഖും കുടുംബവും ഉരുൾപൊട്ടലിൽ നിന്നും രക്ഷപട്ടത് തലനാരിഴയ്ക്കാണ്.
ദുരിതാശ്വാസ കാമ്പിലേക്ക് മാറിയതിനാൽ ഷഫീഖിന് പ്രിയപ്പട്ടവരുടെ ജീവൻ രക്ഷിക്കാനായി. എന്നാൽ ആർത്തലച്ച് വന്ന മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും വീടൊന്നാകെ തകർന്നടിഞ്ഞു.
പുഞ്ചിരിമട്ടത്തെ വീട്ടിലേക്ക് പെയിന്‍റിംഗ് തൊഴിലാളിയായ ഷഫീഖ് ഇന്ന് തിരിച്ചെത്തി, പക്ഷേ വീടിരുന്ന സ്ഥലത്ത് പാറക്കെട്ടുകൾ മാത്രം. മകളുടെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പെയിന്‍റിംഗ് ഉപകരണങ്ങളും പിതാവിന്‍റെ സ്കൂട്ടറുമെല്ലാം തകർന്ന് മണ്ണോടടിഞ്ഞു.
തന്‍റെ കളിപ്പാട്ടങ്ങൾ വേണമെന്ന മകളുടെ ആവശ്യം കേട്ടാണ് ഇവിടെ എത്തിയതെന്ന് ഷഫീഖ് പറയുന്നു. എന്നാൽ ഈ പാറക്കൂട്ടങ്ങൾക്കെവിടെയോ വീടുണ്ടായിരുന്നു എന്ന് മാത്രമാണ് ഇപ്പോൾ പറയാനാകുക എന്നും ഷറീഖ് പറഞ്ഞു.
എല്ലാം മണ്ണിനടിയിലാണ്. എടുക്കാൻ പറ്റില്ല, അതുകൊണ്ട് തിരിച്ച് പോവുകയാണെന്ന് ഷെഫീഖ് പറഞ്ഞു.
#wayanad #landslide #narrow #escaped #people #search #remainings #loves #ones #punchirimattam