മാഡിസണ്‍: ( www.truevisionnews.com )രാത്രിയില്‍ ചന്ദ്രനെ ആകാശത്ത് കാണുന്നതുതന്നെ നമുക്കൊരു സന്തോഷമാണ്. നമ്മുടെ അയല്‍ക്കാരനെ പോലെ തൊട്ടടുത്തുള്ളതായി തോന്നിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് പതിയെ അകന്നുപോകുന്നതായി പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവും 3.8 സെന്‍റീമീറ്റര്‍ വീതം ചന്ദ്രന്‍ ഭൂമിയോട് അകലുന്നതായാണ് ഗവേഷണ ഫലം. ചന്ദ്രനിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഭാവിയില്‍ ഭൂമിയിലെ ഒരു ദിവസം 24ല്‍ നിന്ന് 25 മണിക്കൂറായി ഉയരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയിലുള്ള വിസ്കോൺസിൻ-മാഡിസൺ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ശാസ്ത്രീയമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ അകലുന്നതുകൊണ്ട് എന്താണ് ഭൂമിക്ക് പ്രശ്‌നം എന്ന് ചിന്തിക്കുന്നവരുണ്ടാകും.
200 ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയിലെ ഒരു ദിവസം 25 മണിക്കൂറായി ഉയരും എന്നതാണ് ഇതുണ്ടാക്കുന്ന പ്രത്യാഘാതം. 1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഒരു ദിവസം നീണ്ടുനിന്നത് 18 മണിക്കൂര്‍ മാത്രമായിരുന്നു എന്ന് പഠനം വ്യക്തമാക്കുന്നു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട് ഈ പ്രതിഭാസം കിടക്കുന്നു.
ചന്ദ്രനിലെ മാറ്റങ്ങളെ കുറിച്ച് കാലങ്ങളായി പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയുടെ പഠനം ഈ പ്രതിഭാസത്തിന്‍റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പശ്ചാത്തലം ആഴത്തില്‍ വിശകലനം ചെയ്യുന്നതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വിസ്കോൺസിൻ-മാഡിസൺ സർവകലാശാല നടത്തും.
ചന്ദ്രന്‍ അകന്നുപോകുന്നതോടെ ഭൂമിയുടെ വേഗം കുറയുമെന്ന് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ജിയോസയന്‍സ് അധ്യാപകനായ പ്രഫസര്‍ സ്റ്റീഫന്‍ മെയേഴ്‌സ് വാദിക്കുന്നു. ഭൂമി-ചന്ദ്രന്‍ അകലത്തിലുണ്ടാകുന്ന വ്യത്യാസം മറ്റെന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടാക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
#earth #could #have #25 #hours #day #moon #drifting #away #study #university #wisconsin #madison