മൂലമറ്റം (ഇടുക്കി): (truevisionnews.com) ആറുവര്‍ഷത്തിനുശേഷം ജാഫര്‍ സ്വന്തംനാടായ തൃശ്ശൂരിലേക്കുപോയപ്പോള്‍ മുണ്ടക്കൈക്കാര്‍ സ്‌നേഹസമ്മാനമായി ഒരു പൊന്‍മോതിരം നല്‍കി.
അതില്‍ 'മുണ്ടക്കൈ' എന്ന് സ്‌നേഹാക്ഷരങ്ങളില്‍ കൊത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, മുണ്ടക്കൈ ഗ്രാമംതന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.
ഉരുള്‍ ഒറ്റരാത്രികൊണ്ട് എല്ലാം തകര്‍ത്തു. സ്‌നേഹംമാത്രം നല്‍കിയ ആ നാട്ടുകാരെ ഓര്‍ത്ത് വിതുമ്പുകയാണ് ജാഫറും ഭാര്യ ഉമൈബയും. കണ്ണീരോര്‍മ്മായി ആ പൊന്‍മോതിരവും.
തൃശ്ശൂര്‍ വരന്തരപ്പിള്ളി വേലുപ്പാടം പോക്കാട്ട് വീട്ടില്‍ ജാഫര്‍ അലി (50) വണ്ടിപ്പെരിയാറിലെ സ്വകാര്യ എസ്റ്റേറ്റിലാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്.
2018 വരെയുള്ള ആറുവര്‍ഷം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ മുണ്ടക്കൈ ഡിവിഷനില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു. അവിടെയുള്ളവരുമായൊക്കെ കുടുംബംപോലെ സ്‌നേഹബന്ധം.
2018-ല്‍ കുടുംബപരമായ കാരണങ്ങളാല്‍ ജോലിവിടേണ്ടിവന്നു. അന്ന് മുണ്ടക്കൈയിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് അവരുടെ പ്രിയപ്പെട്ട സാറിന് ഒരു യാത്രയയപ്പ് നല്‍കി.
എല്ലാവരും ചേര്‍ന്ന് അരപ്പവന്റെ സ്വര്‍ണമോതിരം സമ്മാനിച്ചു. ആ മോതിരത്തില്‍ സ്‌നേഹംകൊണ്ട് അവര്‍ മുണ്ടക്കൈ എന്ന് ആലേഖനംചെയ്തിരുന്നു.
മുണ്ടക്കൈയുടെ സ്‌നേഹമാണിതെന്നും ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. ജാഫര്‍ ആ മോതിരം ഭാര്യ ഉമൈബയെ ഏല്‍പ്പിച്ചു. ഉമൈബ അത് സ്വന്തം മനസ്സുപോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
#Jafar #clutching #ring #given #him #gift #love #Mundakai #native