മേപ്പാടി: (truevisionnews.com) “ഒരാഴ്ച, അതുകഴിഞ്ഞാൽ ക്യാമ്പ് തീരും, പിന്നെ എങ്ങോട്ടുപോകും, സ്വന്തമെന്നു പറയാനുണ്ടായിരുന്ന ഇത്തിരി മണ്ണും പോയി...” -നിറകണ്ണുകളോടെ ചൂരൽമല സ്വദേശി ശ്രീധരനും സുധയും ചോദിക്കുന്നു.
“ഞങ്ങൾക്ക് ആരുമില്ല, പെൺമക്കളെ വിവാഹംചെയ്തയച്ചു, വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രം. വലിയ ശബ്ദത്തോടെ ഉരുളും മലവെള്ളപ്പാച്ചിലും അലച്ചെത്തുകയായിരുന്നു.
ഇറങ്ങിയോടിയതു മാത്രമേ ഓർമ്മയുള്ളൂ. ഇപ്പോൾ വീടുനിന്നിടത്ത് ഒന്നുമില്ല, സ്ഥലംപോലും തിരിച്ചറിയാതായി” -സുധ കരഞ്ഞുകൊണ്ട് പറഞ്ഞു.
എവിടെപ്പോയാലും വൈകീട്ട് വീട്ടിലെത്തുമെന്നു പറയില്ലേ, ഇനിയെന്താ ഞാൻ പറയുക, ഇനിയൊരു വീടുണ്ടാക്കാമെന്ന് വിശ്വാസവുമില്ല -ശ്രീധരനും വിലപിച്ചു.
2018-ലെ മഹാപ്രളയകാലത്ത് മരംവീണ് ഇവർ താമസിച്ചിരുന്ന ഷീറ്റിട്ട വീട് തകർന്നിരുന്നു. പിന്നീട് സർക്കാർ സഹായത്താൽ നിർമിച്ച വീടാണ് ഇക്കുറി ഉരുളെടുത്തത്.
ഉടുവസ്ത്രമൊഴിച്ച് എല്ലാം നഷ്ടമായി. മേപ്പാടി ഗവ. എച്ച്.എസ്.എസിലെ ക്യാമ്പ് കഴിഞ്ഞാൽ ഇനിയെന്തെന്ന് ഇരുവർക്കും അറിയില്ല. മുന്നോട്ട് ജീവിതംനോക്കി പകപ്പോടെ നിൽക്കുകയാണ് ശ്രീധരനും സുധയും.
#wayanad #Mudflow #house #destroyed #flood #replacement #given #government #demolished