മഞ്ചേരി: (truevisionnews.com) പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ തലകള്‍. തലയില്ലാത്ത നാല്പതോളം ഉടലുകള്‍. പാറക്കെട്ടുകളിലും മറ്റും കുരുങ്ങി കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങള്‍.
പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നവര്‍... നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കണ്ട ഹൃദയംനുറുങ്ങുന്ന കാഴ്ചകള്‍ ഇങ്ങനെയാണ്. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നേതൃത്വംനല്‍കിയ മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍ പങ്കുവെച്ചത്.
ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായി ചാലിയാറിന്റെ തീരങ്ങളില്‍ ഒഴുകിയെത്തിയ 144 മൃതദേഹങ്ങളാണ് ഡോ. ഹിതേഷും സംഘവും ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
''പൂര്‍ണശരീരത്തോടെ ലഭിച്ചത് പത്തു മൃതദേഹങ്ങള്‍മാത്രമാണ്. അധികവും തലയില്ലാത്ത ഉടലുകളും കൈകാലുകളുമായിരുന്നു. മിക്കവരുടെയും തല ശക്തമായ പൊട്ടിത്തെറിയില്‍ തകര്‍ന്ന രീതിയിലായിരുന്നു.
വായിലും ശ്വാസകോശത്തിലും വയറ്റിലുമെല്ലാം മണ്ണ് കയറിയിട്ടുണ്ട്. പലതും ജീര്‍ണിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരിച്ചിട്ടുണ്ടാവുക.
അതിനാല്‍, ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല. അതുമാത്രമാണ് ഏക ആശ്വാസം'' -അദ്ദേഹം പറഞ്ഞു.
തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന
തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ക്ക് ജനിതകപരിശോധന നടത്തുന്നുണ്ട്. ഡി.എന്‍.എ. ലഭിച്ചവയാണ് രേഖകള്‍ തയ്യാറാക്കി ബന്ധുക്കള്‍ക്ക് കൈമാറുന്നത്.
അല്ലാത്തവ ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിലരെയൊക്കെ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പ് ഇട്ട പല്ലുകളും ടാറ്റൂ അടിച്ച കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്.
ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തില്‍ തുന്നിച്ചേര്‍ക്കലായിരുന്നു വെല്ലുവിളി. പതറാതെ ഉത്തരവാദിത്വത്തോടെ 24 മണിക്കൂറും അതിനായി പണിയെടുത്തു. ഒരുദിവസം 35 മൃതദേഹങ്ങള്‍വരെ പോസ്റ്റ്മോര്‍ട്ടം നടത്തി.
മാറ്റങ്ങള്‍ കൊണ്ടുവരണം
ജില്ലാതല ദുരന്തനിവാരണ സംഘത്തോടൊപ്പം പരിചയസമ്പന്നരായ ഫൊറന്‍സിക് സംഘത്തെയും ഉള്‍പ്പെടുത്തണം. പ്രകൃതിദുരന്തങ്ങളില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണോയെന്ന കാര്യവും പുനരാലോചിക്കണം.- അദ്ദേഹം പറഞ്ഞു.
ഡോ.ആനന്ദ്, ഡോ. ലെവിസ് വസീം, ഡോ.പ്രജിത്ത്, ഡോ. രഹനാസ്, ഡോ.ഗ്രീഷ്മ, തൃശൂരില്‍നിന്നുള്ള ഡോ. മനു, ഡോ. പ്രതീക്ഷ, ഡോ. ആസിഫ്, ഡോ. പാര്‍ത്ഥസാരഥി, ഡോ. അസീം എന്നിവരും മോര്‍ച്ചറി ലാബ് ടെക്‌നീഷന്‍മാരായ സമീഹത്ത്, രഞ്ജിനി എന്നിവരും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംഘത്തിലുണ്ട്.
#forensic #surgeon #drhitheshshankar #shares #heartbreakiing #experience #from #wayand #landslide