തൃശൂർ: (www.truevisionnews.com)റൂൾ കർവ് നിയമം പാലിക്കാതെ പീച്ചിഡാം തുറന്നുവെന്ന ആരോപണവുമായി പഞ്ചായത്ത് അംഗം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജലസേചന മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനാണ് പരാതി നൽകിയത്. പീച്ചി ഡാം തുറന്ന് അനിയന്ത്രിതമായ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയത് വഴി സംഭവിച്ച നാശനഷ്ടങ്ങൾ മനുഷ്യ നിർമ്മിത ദുരന്തത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടതെന്നും പ്രകൃതിക്ഷോഭമായി കണക്കാക്കാൻ ആകില്ലെന്നും പരാതിയിൽ പറയുന്നു.
ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് കർശനമായും പാലിക്കണമെന്ന് ഓറഞ്ച് ബുക്ക് അനുശാസിക്കുന്ന റൂൾ കർവ് നിയമം അനുസരിച്ച് ഉള്ള ജലനിരപ്പിനേക്കാൾ 1.71 മീറ്റർ ജലം ഡാമിൽ അധികം ജൂലൈ 26ന് ഉണ്ടായിരുന്നു.
പീച്ചി റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെ അധിക ജലം ഷട്ടറുകൾ വഴി പുഴയിലേക്ക് നിയന്ത്രിതമായ തോതിൽ ഒഴുക്കി കളയേണ്ടതിന് പകരം സ്ലൂയിസ് വാൽവ് വഴി .
5 ഘന മില്ലിമീറ്റർ ജലം പുറത്തേക്ക് വിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ് ബന്ധപ്പെട്ട അധികാരികൾ നടത്തിയത്.
29, 30 തീയതികളിൽ പെയ്ത ശക്തമായ മഴയിൽ ഡാമിന്റെ ഷട്ടറുകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രീതിയിൽ തുറന്ന് വിട്ടത് വഴി ഇപ്പോഴും നൂറ് കണക്കിന് ആളുകൾ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുകയാണ്.
അനേകം കുടുംബങ്ങളുടെ വസ്തുവകകളും നഷ്ടപ്പെട്ടു. കാര്യങ്ങൾ മുൻകൂട്ടി കണ്ട് ദുരന്തം ഒഴിവാക്കേണ്ട ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനകളും സർക്കാരും തികഞ്ഞ പരാജയമാണെന്നും ഇദ്ദേഹം പരാതിയിൽ ആരോപിച്ചു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്കും ജനനേതാക്കൾക്കും ബാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.
#peechidam #opened #without #following #rules #curve #rule #panchayat #member #filed #complaint