മേപ്പാടി: (truevisionnews.com) ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ വരുമ്പോള്‍ ഒരു ആൾക്കൂട്ടംതന്നെയാണ് ഓടിയെത്തുന്നത്.
അതിനുള്ളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരാണോ എന്നറിയാനായി അവര്‍ ഓടിപ്പാഞ്ഞെത്തും. പക്ഷേ, പലര്‍ക്കും നിരാശ മാത്രമായിരിക്കും ഫലം.
ജീവനോടെയുണ്ടോ ഇല്ലയോ എന്നറിയാതെ ഉറ്റവരെ കാത്തിരിക്കുന്നവരുടെ മുഖങ്ങളാണ് മേപ്പാടിയിലും ചൂരല്‍മലയിലുമെല്ലാം. അതുപോലെ ഒന്‍പതുവയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ തേടി മൂന്നുദിവസമായി മേപ്പാടിയിലെ ക്യാമ്പില്‍ കഴിയുകയാണ് വയനാട് എരുമാട് സ്വദേശി സ്വാമിദാസ്.
''ആറുപേര് മിസ്സിങ്ങായിരുന്നു. അതില്‍ മൂന്നുപേരെ കിട്ടി. അളിയന്‍, അളിയന്റെ ഭാര്യ, എട്ടുവയസ്സുള്ള മകളെ എന്നിവരെയാണ് കിട്ടിയത്. എന്റെ ഒന്‍പതുവയസ്സുള്ള മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കിട്ടാനുണ്ട്.
മൂന്നുദിവസമായി നോക്കിനില്‍ക്കാണ്. വരുന്ന ആംബുലന്‍സിലൊക്കെ നോക്കുന്നുണ്ട്. എന്റെ മോള് ഒന്‍പതുവയസ്സുള്ള മോളാണ്. അനന്തിക എന്നാണ് പേര്, എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അറിയിക്കണം.
എന്റെ മോളേ മുഖം കണ്ടാല്‍ മതി. മൂന്നുദിവസമായി ക്യാമ്പില്‍ ഉറക്കമില്ലാതെ കാത്തിരിക്കുകയാണ്. സംഭവസമയം ഞാന്‍ എരുമാട് എന്റെ വീട്ടിലായിരുന്നു.
ഭാര്യയുടെ വീടാണ് വെള്ളാര്‍മലയില്‍. കഴിഞ്ഞവര്‍ഷമാണ് മോളേ വെള്ളാര്‍മല സ്‌കൂളില്‍ ചേര്‍ത്തിയത്. എന്റെ മോളെ കിട്ടിയാല്‍ അറിയിക്കണം.
എനിക്ക് അവളുടെ മുഖമൊന്ന് കണ്ടാല്‍ മതി. ഇങ്ങനെയൊരു അവസ്ഥ ഒരു മാതാപിതാക്കള്‍ക്കും വരാന്‍ പാടില്ല'', സ്വാമിദാസ് വിതുമ്പി.
#wayanad #Mudflow #swamidas #father #from #wayanad #still #waiting his #daughter