Aug 1, 2025 12:22 PM

തിരുവനന്തപുരം: ( www.truevisionnews.com ) വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍കാലിക വി സിമാരെ പുനര്‍നിയമിച്ച് ​ഗവര്‍ണറുടെ ഉത്തരവിറങ്ങി.

ഡോ. സിസ തോമസ്, ഡോ. കെ ശിവപ്രസാദ് എന്നിവര്‍ക്ക് വീണ്ടും ചുമതല നൽകിയുള്ള ഉത്തരവ് രാജ്ഭവന്‍ ഇറക്കിയതിന് പിന്നാലെ ഇരുവരും സര്‍വകലാശാലയില്‍ എത്തി ചുമതലയേറ്റെടുത്തു. താൽകാലിക വി സിമാരുടെ നിയമനം സർക്കാർ പാനലിൽ നിന്നാകണമെന്ന സുപ്രീംകോടതി നിർദേശമാണ് ചാൻസലർ കൂടിയായ ​ഗവർണർ മറികടന്നത്. താൽകാലിക നിയമനത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്നം​ഗ പാനല്‍ തഴഞ്ഞാണ് ഇപ്പോഴത്തെ നിയമനം.

സാങ്കേതിക സർവകലാശാലയുടെ നിയമം– വകുപ്പ്‌ 13(7), ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ്‌– 10 (11) എന്നിവയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള വിസിമാർക്ക് തുടരാൻ ചാൻസലർക്ക് പുതിയ വിജ്ഞാപനം ഇറക്കാമെങ്കിലും മുകളിൽപറഞ്ഞ വകുപ്പുകൾ അനുസരിച്ചേ നിയമനമാകാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല നിയമം 2015 വകുപ്പ്‌ 13 (7) പ്രകാരം വിസി ഒഴിവിൽ മറ്റേതെങ്കിലും സർവകലാശാല വിസിയെയോ പ്രൊ വിസിയെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയോ സർക്കാർ ശുപാർശ പ്രകാരം ചാൻസലർ നിയമിക്കണം. ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ് 11 (10) പ്രകാരം വിസിയുടെ ഒഴിവിൽ സർക്കാർ ശുപാർശപ്രകാരം ചാൻസലർ മറ്റ് സർവകലാശാലയുടെ വിസിയെയോ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറിയെയോ ആറുമാസത്തേക്ക് താൽക്കാലിക ചുമതലയിൽ നിയമിക്കണം.

സർ‌ക്കാർ നൽകുന്ന പട്ടികയിൽനിന്നല്ലാതെ ചാൻസലർക്ക് വിസിയെ നിയമിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Governor challenges Supreme Court Government panel rejects reappointment of VCs

Next TV

Top Stories










//Truevisionall