(truevisionnews.com) വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതലും ലഭിച്ചത് പോത്തുകല്ലിലും ചാലിയാര്‍ പുഴയില്‍ നിന്നുമായിരുന്നു.
നിലമ്പൂര്‍ കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ മൃതദേഹാവശിഷ്ടങ്ങളായിരുന്നു പലയിടത്തും. എവിടെനിന്ന് തുടങ്ങണമെന്ന് പോലും അറിയാതെ നിന്നുപോയ നിമിഷങ്ങള്‍.
വനത്തിനുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34 മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തുന്നവര്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എങ്ങനെ പുറത്തെത്തിക്കുമെന്നതായിരുന്നു അടുത്ത പ്രതിസന്ധി.
കൈയില്‍ കിട്ടിയ ചാക്ക് കഷ്ണങ്ങളിലും ഉടുത്ത മുണ്ടിലും കെട്ടി രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം ചുമന്നത് കിലോമീറ്ററുകളോളം. ഉള്‍ക്കാട്ടില്‍ പുഴയുടെ പലയിടങ്ങളിലും മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്ന് പറയുകയാണ് നാട്ടുകാരായ രക്ഷാപ്രവര്‍ത്തകര്‍.
ഇരുട്ടും വന്യമൃഗശല്യവും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ നിലമ്പൂര്‍ കാടുകളിലും പോത്തുകല്ലിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി. നാളെ അതിരാവിലെതന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.
#wayanad #chooralmala #mundakkai #landslide #pothukallu