കല്പറ്റ: (truevisionnews.com) വയനാട് മുണ്ടക്കൈ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.
100 ലധികം പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22പേരും ചികിത്സ തേടിയിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇതുവരെ 54 പേർക്കാണ് ദുരിതത്തിൽ ജീവൻ നഷ്ടമായത്.
നേരത്തെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.
നാലു കുടുംബങ്ങളില്‍ നിന്നായി 15പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ 700ലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.
ഇതിൽ 10പേര്‍ക്ക് ഗുരുതര പരിക്കുണ്ട് ഇവർക്ക് അടിയന്തര സഹായം ആവശ്യമാണ്. ചൂരല്‍മല മേഖലയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല.
ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ബംഗ്ലാവില്‍ ഏകദേശം 700 പേരോളം കുടുങ്ങി കിടക്കുന്നതായി വിവരം ഉണ്ട്. രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയതാണെന്നാണ് കരുതുന്നത്.
ഉരുൾപൊട്ടലിന്റെ വ്യാപ്തി വളരെ വലുതാണെന്ന് നാട്ടുകാർ. ഉരുൾപൊട്ടലിനെതുടർന്ന് മുണ്ടക്കൈയിലുണ്ടായിരുന്ന വീടുകളെല്ലാം ഒലിച്ചുപോയെന്ന് നാട്ടുകാരനായ ഫൈസൽ പറഞ്ഞു.
ഉരുൾപൊട്ടലിനെത്തുടർന്ന് മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ് ഫൈസൽ. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമടക്കം നൂറുക്കണക്കിന് പേർ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഫൈസൽ പറഞ്ഞു. 'പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഇരട്ടിയാണ് മുണ്ടക്കൈയിലുണ്ടായിരിക്കുന്നത്.
ഒരുപാട് വീടുകൾ തിങ്ങി തിങ്ങി നിൽക്കുന്ന സ്ഥലമാണ് പുഞ്ചിരിവട്ടം എന്ന പ്രദേശം. ആ പ്രദേശം മൊത്തം നശിച്ചു. വീടുകൾ നിന്നിടത്തെല്ലാം പാറക്കല്ലുകളും ചളിക്കൂമ്പാരങ്ങളും മാത്രമാണ് കാണുന്നത്'. ഫൈസൽ പറയുന്നു.
'ഇന്നലെ രാത്രി രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഞങ്ങളുണ്ടായിരുന്ന റിസോർട്ടിലും കുലുക്കമുണ്ടായിരുന്നു. പ്രായമായവരടക്കം കരയുകയായിരുന്നു. രാവിലെയാണ് ആശ്വാസമായത്. മുണ്ടക്കൈയിലേക്കുള്ള റോഡ് പൂർണമായും തകർന്നു.
ടൗണിലൊന്നും അവശേഷിക്കുന്നില്ല. അവിടെയാകെ ചെളി മൂടിക്കിടക്കുകയാണ്. ഞങ്ങൾക്ക് ചുറ്റും പുഴ ശക്തിയിൽ ഒഴുകുകയാണ്. ഇവിടെ ഒറ്റപ്പെട്ടുകിടക്കുകയാണ്. കുറച്ച് മനുഷ്യരെ ദൂരെ കാണുന്നുണ്ട്.
രക്ഷാപ്രവർത്തകരാണോ കുടുങ്ങിക്കിടക്കുന്നവരാണോ എന്നറിയില്ല. റിസോർട്ടിൽ ഇവിടെ ഉള്ളവർ കൈക്കുഞ്ഞുങ്ങളാണ്. വിശന്ന് കരയുകയാണ് കുഞ്ഞുങ്ങളെല്ലാവരും.
എന്തുചെയ്യണമെന്ന് ഒരു ധാരണയുമില്ല'..ഫൈസൽ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ചാലിയാറിൽ നിന്നാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടി ചൂരൽമലയിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു.
നൂറുകണക്കിന് വീടുകളും തോട്ടംതൊഴിലാളികളുടെ പാടികളും ഉള്ള മേഖലയിലാണ് ദുരന്തം നടന്നത്. ട്രീവാലി റിസോർട്ടിൽ ഉൾപ്പെടെ നൂറ്കണക്കിന് നാട്ടുകാർ കുടുങ്ങിക്കിടക്കുകയാണ്.
2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയിൽ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് മുണ്ടക്കൈ. എൻഡിആർഎഫ് സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും ഉടൻ ദുരന്ത മേഖലയിൽ എത്തും.
#Wayanad #Mundakai #Landslides #700 #People #Trapped #Harrison #Plantation #Bungalow