മേപ്പാടി: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറത്ത്.
മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്. കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ഉള്ളുലയ്ക്കുന്ന കാഴ്ചയായി.
മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി ആദിവാസികൾ പറഞ്ഞു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല.
കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയാണെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
മുണ്ടക്കൈയിലേക്ക് ആർക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി.സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.
#Kilometers #away #dead #bodies #also #washed #up #Chaliyar #river #Malappuram #district #Heartbreaking #view