കല്പറ്റ: (truevisionnews.com) ഒറ്റരാത്രികൊണ്ട് ഒരുഗ്രാമം തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വയനാട്ടുകാര്‍. ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന പലരും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലും മുങ്ങി.
ചൊവ്വാഴ്ച രാവിലെയോടെയാണ് മുണ്ടക്കൈയിലെ വന്‍ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. നേരം വെളുത്തപ്പോള്‍ മുണ്ടെക്കൈ എന്ന പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടനിലയിലായിരുന്നു.
നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമം തിരിച്ചറിയാന്‍പോലും കഴിയാത്ത അവസ്ഥ. നേരം ഇരുട്ടിവെളുത്തപ്പോള്‍ പല വീടുകളും തകര്‍ന്നുതരിപ്പണമായ നിലയില്‍.
പ്രദേശത്തെ പല കുടുംബങ്ങളെയും ഇപ്പോഴും കാണാനില്ലെന്നും ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂര്‍ണമായും തകര്‍ന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.
ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് വൈകുമെന്നാണ് സൂചന. ഇതിനിടെ, വനത്തിനുള്ളിലൂടെ പ്രവേശിച്ച് മുണ്ടക്കൈയിലേക്ക് എത്താന്‍ കഴിയുമോയെന്നും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
#village #disappeared #overnight #Many #families #isolated #Wayanad #disaster #land