കല്‍പ്പറ്റ: (truevisionnews.com) ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
കുട്ടികളടക്കം 36 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
വെള്ളാർമല സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് കുത്തിയൊലിച്ച് പുഴ ഒഴുകുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ, സ്കൂളിന്റെ വശത്തുകൂടെ ഒഴുകിയിരുന്ന പുഴയാണ് ഇപ്പോൾ ഉരുൾപൊട്ടലിന് സ്കൂൾ ഗ്രൗണ്ടിലൂടെ പരന്നൊഴുകുന്നത്.
നിരവധി വീടുകൾ സ്കൂളിനോട് ചേർന്നുള്ള പ്രദേശങ്ങളിലുണ്ടായിരുന്നു. അവിടെ നിന്നും ഒരുപാട് പേരെ കാണാനില്ല. നിരവധി വീടുകളും തകർന്ന് ഒലിച്ചുപോയിട്ടുണ്ട്.
സ്ഥലത്ത് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപത്തായി രണ്ട് കുന്നുകളുണ്ട്. പടവെട്ടിക്കുന്നും പപ്പേട്ടൻ മലയും. ഈ രണ്ട് സ്ഥലത്തുനിന്നും ആളുകളേയും ഇപ്പോൾ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റുന്നുണ്ട്.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം.
#wayanad #landslide #houses #washed #away #many #people #missing