തൃശൂര്‍: ( www.truevisionnews.com )മാള മേലഡൂരില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
എരവത്തൂര്‍ സ്വദേശി ജോമിയെ (36) ആണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി അറസ്റ്റു ചെയ്തത്. മേലഡൂര്‍ സ്വദേശിയായ കുട്ടപ്പന്‍ (73) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
ശനിയാഴ്ച പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് സംഭവം. എന്നും രാവിലെ മേലഡൂര്‍ ഷാപ്പുംപടി ജങ്ഷനില്‍ ചായ കുടിക്കാന്‍ പോകാറുള്ള കുട്ടപ്പന്‍, പതിവുപോലെ റോഡരികിലൂടെ നടന്നു വരുമ്പോഴാണ് എതിരേ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയത്.
നിര്‍ധന കുടുംബത്തിലെ അംഗമായ വയോധികനെ ഇടിച്ചു തെറിപ്പിച്ച് നിറുത്താതെ പോയ വാഹനത്തെ കണ്ടെത്താന്‍ പോലീസ് സംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
സംഭവ ദിവസമായ ശനിയാഴ്ച രാത്രിയോടെ തന്നെ അന്വേഷണ സംഘം എരവത്തൂര്‍ വരെ അന്വേഷിച്ചെത്തിയിരുന്നു. ഇടിച്ച വാഹനത്തിനു പിന്നാലെ പോയ വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. നിർത്താതെ പോയ വാഹനത്തിന്റെ അവ്യക്തമായ ചിത്രങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ചത്.
ഇവ പരിശോധിച്ച് ഇടിച്ചത് മഹീന്ദ്ര എക്‌സ്.യു.വി വാഹനമെന്ന് പൊലീസ് സംഘം സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണമാണ് പോലീസ് സംഘത്തെ എരവത്തൂര്‍ വരെ എത്തിച്ചത്.
അതിനിടെ കേടുപാടുകള്‍ പറ്റിയ വാഹനം പ്രതി ആരുമറിയാതെ തൃശൂരില്‍ വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോയി റിപ്പയർ ചെയ്ത് തെളിവു നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
കാര്‍ പോലീസ് പിടിച്ചെടുത്തു. വിരലടയാള വിദഗ്ധരും സയന്റിഫിക്, ഡോഗ് സ്‌ക്വാഡും വിഭാഗവും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് വെള്ളിയാഴ്ച പ്രതിയെ അറസ്റ്റു ചെയ്തത്.
വിദേശത്തായിരുന്ന ജോമി ഈയടുത്താണ് നാട്ടില്‍ എത്തിയത്. സുഹൃത്തുക്കളോടൊപ്പം ടൂര്‍ പോയി എത്തിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജോമിയെ റിമാന്റ് ചെയ്തു. മാള സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനി കെ കെ, ഡാന്‍സാഫ്, എസ്.ഐ പി ജയകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ മാരായ സൂരജ്.വി.ദേവ്, ഇ.എസ്.ജീവന്‍, സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, കെ.ജെ. ഷിന്റോ, സോണി സേവ്യര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
#car #hit #pedestrian #not #stopped #attempt #destroy #evidence #youngman #arrested #thrissur