കൊണ്ടോട്ടി: (truevisionnews.com) കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് വീര്യംകൂടിയ ‘തായ് ഗോള്‍ഡ്’ കഞ്ചാവ് കടത്തുന്ന രാജ്യാന്തര സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍.
മലപ്പുറം വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് ഹുസൈന്‍കോയ തങ്ങളാണ് (38) കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഘത്തലവന് കണ്ണൂര്‍ കാഞ്ഞിരോട് തലമുണ്ട സ്വദേശി ദാറുല്‍ അബ്റാര്‍ വീട്ടില്‍ ജാസിര്‍ അബ്ദുല്ല (ഡേവിഡ്), പിണറായി പാതിരിയാട് സ്വദേശി ഫാത്തിമ്മാസ് വീട്ടില്‍ മുഹമ്മദ് റാഷിദ്, കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ്, വയനാട് സ്വദേശി ഡെന്നി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഒരാഴ്ച മുമ്പ് വിമാനത്താവള പരിസരത്തെ ലോഡ്ജില്‍നിന്ന് റാമിസ്, റിയാസ് എന്നിവരാണ് 45 ലക്ഷം രൂപയുടെ 4.8 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവായ തായ് ഗോള്‍ഡുമായി ആദ്യം പിടിയിലായത്.
വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ കഞ്ചാവ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ വലയിലാക്കുകയായിരുന്നു.
ഇപ്പോള്‍ പിടിയിലായ ഹുസൈന്‍കോയ തങ്ങളെ ചോദ്യം ചെയ്തപ്പോൾ നിരവധി തവണ ബാങ്കോക്കില്‍നിന്ന് ഇന്ത്യയിലേക്കും ഇവിടെനിന്ന് വിദേശത്തേക്കും ലഹരിവസ്തുക്കള്‍ കടത്തിയതിന് തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഗൂഡല്ലൂര്‍ പാടന്തറയില്‍ താമസിക്കുകയായിരുന്ന ഇയാള്‍ വ്യാജ ചികിത്സ നടത്തിവന്നിരുന്നതായും വിവരം ലഭിച്ചു.
കൊണ്ടോട്ടി ഡിവൈ.എസ്.പി എ.എം. സിദ്ദിഖ്, കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളും കരിപ്പൂര്‍ പൊലീസുമാണ് പ്രതിയെ പിടികൂടിയത്.
#Hybridcannabis #trafficking #centered #Karipur #Arrested