കാഞ്ഞങ്ങാട് (കാസര്‍കോട്): ( www.truevisionnews.com ) കുട്ടികള്‍ ഓരോരുത്തരായി കുഴഞ്ഞുവീഴുന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് കരയുന്നു. ചിലര്‍ ഛര്‍ദിച്ചു. പേടിച്ചും പകച്ചും നിന്നുപോയ നിമിഷങ്ങളെന്ന് അധ്യാപികമാര്‍.

ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടികളെ വാരിയെടുത്ത് ആയമാരും അധ്യാപികമാരും ആസ്പത്രിയിലേക്കോടി. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയുടെ തെക്കുപടിഞ്ഞാറെ മൂലയിലെ ജനറേറ്ററില്‍നിന്നുള്ള പുക ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പടര്‍ന്ന സമയത്തെ കാഴ്ചയായിരുന്നു ഇത്.
സ്‌കൂളിലേക്കും ആസ്പത്രികളിലേക്കും ആംബുലന്‍സുകള്‍ കുതിച്ചെത്തി. ജില്ലാ ആസ്പത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരെ കൂടിയെത്തിച്ച് കുട്ടികള്‍ക്കുവേണ്ട ചികിത്സ നല്‍കി. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു.
അടുത്തുള്ള വീടുകളിലെ രക്ഷിതാക്കള്‍ പെട്ടെന്നെത്തി. ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തിലും വാര്‍ഡിലും അവരവരുടെ മക്കളെത്തേടിയുള്ള പരക്കംപാച്ചിലായിരുന്നു.
കുട്ടികളുടെ അവസ്ഥ കണ്ട് അമ്മമാരും പൊട്ടിക്കരഞ്ഞു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ കുട്ടികള്‍ ആരോഗ്യം വീണ്ടെടുത്തു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രികളിലുള്ളവര്‍ മൂന്നുമണിയോടെ വീടുകളിലേക്ക് മടങ്ങി. സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി.
കളിച്ചും ചിരിച്ചുമെത്തി; പൊടുന്നനെ തളര്‍ന്നുവീണു
ആദ്യ രണ്ടു പീരിയഡ് കഴിഞ്ഞുള്ള ഇടവേളയ്ക്കുശേഷം തിരികെ ക്ലാസിലെത്തിയപ്പോഴാണ് സംഭവം. ക്ലാസില്‍ കയറുമ്പോഴേ പുക പടരുന്നത് കുട്ടികള്‍ കണ്ടിരുന്നു. എന്നാല്‍ അതത്ര കാര്യമാക്കാതെ എല്ലാവരും ക്ലാസില്‍ കയറിയിരുന്നു.
ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പുക ക്ലാസിലാകെ പടര്‍ന്നു. മൂന്നാം പീരിയഡില്‍ അധ്യാപികമാരെത്തുമ്പോഴേക്കും കുട്ടികള്‍ ചുമയ്ക്കുന്നതും മൂക്കുപിടിക്കുന്നതുമൊക്കെയാണ് കാണുന്നത്.
ഉടന്‍ എല്ലാവരോടും പുറത്തേക്ക് പോകാന്‍ അതത് ക്ലാസിലെ അധ്യാപകര്‍ പറഞ്ഞു. ക്ലാസില്‍നിന്ന് വരാന്തയിലേക്കിറങ്ങിയപ്പോള്‍ അവിടെയും പുകപടലം. അപ്പോഴേക്കും പല കുട്ടികളും കുഴഞ്ഞു വീണിരുന്നു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിതാ ജോസഫ്, പി.ടി.എ. പ്രസിഡന്റ് ബഷീര്‍ ആറങ്ങാടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.വി.രാജേഷ് എന്നിവരും അവിടെയുണ്ടായിരുന്ന ചില രക്ഷിതാക്കളും കുട്ടികളെ ആസ്പത്രികളിലെത്തിക്കുന്നതിലേര്‍പ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, മുന്‍ അധ്യക്ഷന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം.മായ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ്, ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്.ലിജിന്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ എന്നിവരെല്ലാം വിവരമറിഞ്ഞ് ആസ്പത്രിയിലെത്തി
#kasargod #little #flower #higher #secondary #school #children #affected #smoke #generator
