ചെങ്ങന്നൂര്‍: ( www.truevisionnews.com ) കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് വൈദ്യപരിശോധനയ്ക്കായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കല വധക്കേസിലെ പ്രതികള്‍ക്കു നേരേ ജനരോഷം.
രണ്ടുമുതല്‍ നാലുവരെ പ്രതികളായ സോമരാജന്‍, പ്രമോദ്, ജിനു എന്നിവര്‍ക്കു നേരേയാണ് ആശുപത്രിയിലുണ്ടായിരുന്നവരും സംഭവമറിഞ്ഞെത്തിയവരുമായ ആളുകള്‍ തെറിയഭിഷേകം നടത്തിയത്.
അവിടെയുണ്ടായിരുന്ന പ്രായമായ ചില സ്ത്രീകള്‍ ചെവിപൊട്ടുന്നതരത്തില്‍ ശാപവാക്കുകളും ചൊരിഞ്ഞു. കലയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ എം. സിന്ധുമോള്‍ അലമുറയിട്ടാണ് ആശുപത്രിയിലേക്കു വന്നത്.
ബന്ധുക്കളായ സോമരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞ് ദുഃഖവും ദേഷ്യവും നിയന്ത്രിക്കാനാകാതെയാണ് സിന്ധു പാഞ്ഞെത്തിയത്.
പ്രതികളുമായി പോലീസ് വാഹനം എത്തിയ ഉടന്‍ 'എടാ സോമാ എന്തിനിതു ചെയ്തു? ഞങ്ങളുടെ വീട്ടില്‍ ആങ്ങളമാരുടെ തോളില്‍ കൈയിട്ടു കയറി നടന്നവരല്ലേ നിങ്ങളൊക്കെ' -എന്ന് അലറിവിളിച്ചു കരഞ്ഞുകൊണ്ടായിരുന്നു സിന്ധുവിന്റെ വരവ്. ഇവരെ വനിതാ പോലീസ് ഇടപെട്ട് ആശ്വസിപ്പിച്ച് മാറ്റിനിര്‍ത്തുകയായിരുന്നു.
ചെങ്ങന്നൂരിലെ ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ് സിന്ധു. പ്രതികളെ ആശുപത്രിയില്‍ കൊണ്ടുവരുന്നതറിഞ്ഞപ്പോള്‍ ഇരിപ്പുറയ്ക്കാത്തതിനാലാണ് ഓടിവന്നതെന്ന് സിന്ധു പറഞ്ഞു.
പ്രതികളെ ആശുപത്രിയില്‍ കൊണ്ടുവന്നതറിഞ്ഞ് ഒട്ടേറെയാളുകള്‍ സ്ഥലത്തെത്തി. സ്ത്രീകളുള്‍പ്പെടെ പലരും പ്രതികളെ ചീത്തവിളിക്കുകയും ശപിക്കുകയും ചെയ്തു. ബുധനാഴ്ച രണ്ടേകാലോടെ ആശുപത്രിയില്‍ എത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം രണ്ടരയോടെ കോടതിയില്‍ ഹാജരാക്കി.
കോടതിവളപ്പിലും നാട്ടുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം വലിയ ജനക്കൂട്ടമാണുണ്ടായിരുന്നത്. കോടതിനടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചുമണിയോടെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് മടങ്ങി. അപ്പോഴും കോടതിവളപ്പിലും ചുറ്റുവട്ടത്തും ആളൊഴിഞ്ഞിരുന്നില്ല.
#mannar #kala #murder #public #reaction #against #accused