ശാസ്താംകോട്ട:(truevisionnews.com)സംരക്ഷിത മേഖലയായ ശാസ്താംകോട്ട തടാക തീരങ്ങളിലെ കുന്നിൻ ചരിവുകളിൽ നികത്തലും മാലിന്യം തള്ളലും പതിവാകുന്നു.
മൂന്നു പഞ്ചായത്തുകളുടെ പരിധിയിലുള്ള തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിലെ നീർച്ചാലുകൾ ഉൾപ്പെടെ നികത്തുമ്പോഴും റവന്യു, പൊലീസ് വകുപ്പുകൾ മൗനത്തിലാണ്.
ശാസ്താംകോട്ട– ചവറ പ്രധാന പാതയോരത്ത് വേങ്ങ നെല്ലിക്കുന്നത്ത് ജംക്‌ഷനു സമീപം തടാക തീരം നികത്തിയത് അടുത്താണ് പ്രതിഷേധം ശക്തമായതോടെ സ്റ്റോപ് മെമ്മോ നൽകി റവന്യു വകുപ്പ് നടപടികൾ അവസാനിപ്പിച്ചു.
എന്നാൽ സ്ഥലം ഉടമയെ കൊണ്ട് മണ്ണ് തിരികെ എടുപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല. രാജഗിരിയിൽ സ്വകാര്യ വ്യക്തി ദിവസങ്ങളോളം കുന്നിടിച്ച് നിരത്തിയ സംഭവത്തിലും നടപടി ഉണ്ടായില്ല.
നെല്ലിക്കുന്നത്ത് മുക്കിനു സമീപം നികത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസം അജ്ഞാതർ മാലിന്യം തള്ളി. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഓട കോരിയ മാലിന്യമാണ് ഇവിടെ തള്ളിയത്.
കൊല്ലം നഗരത്തിലും ജില്ലയിലെ ഒട്ടേറെ പഞ്ചായത്തുകൾക്കും ശുദ്ധജലം പമ്പു ചെയ്യുന്ന തടാകത്തിലേക്ക് ഇവ മഴയിൽ ഒഴുകിയെത്തും.
ലക്ഷക്കണക്കിനു ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാക്കുന്ന തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവൃത്തികൾ തടയണമെന്നും റാംസർ സൈറ്റിൽ ഉൾപ്പെട്ട തടാകത്തിനു അർഹമായ പരിഗണന ലഭിക്കാത്തത് ഖേദകരമാണെന്നും തടാക സംരക്ഷണ സമിതി പറഞ്ഞു തടാകത്തിനു ചുറ്റുമുള്ള റോഡുകളിലും പ്രധാന കേന്ദ്രങ്ങളിലും സിസിടിവി ഉറപ്പാക്കണം.
തടാകത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും ജനറൽ കൺവീനർ ഹരി കുറിശേരി, വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.
#kollam #shastamkota #lake #protected #area #frequently #filled #waste