കാസര്‍കോഡ്: ( www.truevisionnews.com ) സി.പി.എം.വിട്ട മനു തോമസ് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

'ജില്ലാ പ്രസിഡന്റിന് ജില്ലാ സെക്രട്ടറി ക്വട്ടേഷന്‍ കൊടുക്കുന്ന പാര്‍ട്ടിയായി മാറിയാല്‍ എങ്ങനെയാണ് യുവജനങ്ങള്‍ അതിനകത്ത് വിശ്വസിച്ച് നില്‍ക്കുക? ഒന്നിച്ച് കിടന്നുറങ്ങിയവര്‍ക്കാണല്ലോ രാപ്പനിയുടെ ചൂട് നന്നായിട്ട് അറിയുന്നത്.
മനു തോമസിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഇതിലും അപകടകരമായിരിക്കും. മനു തോമസ് മിണ്ടാതിരിക്കേണ്ടത് പി. ജയരാജന്റെ ആവശ്യമായതിനാലാണ് പി. ജയരാജന്‍ മിണ്ടാതിരിക്കുന്നത്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'മനു തോമസിനെ നിശബ്ദനാക്കാന്‍ പലരീതിയിലുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അത്തരത്തിലെന്തെങ്കിലും പശ്ചാത്തലമുണ്ടെങ്കില്‍ അതുവെച്ച് ഭീഷണിപ്പെടുത്തും.
അതല്ലെങ്കില്‍ കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തും. അതല്ലെങ്കില്‍ പദവികള്‍ നല്‍കാമെന്ന പ്രലോഭനമുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ച് ആ ചെറുപ്പക്കാരന്‍ കടന്നുവരാന്‍ തയ്യാറാണെങ്കില്‍ ആവശ്യമായ എല്ലാ സംരക്ഷണവും യൂത്ത് കോണ്‍ഗ്രസ് നല്‍കും', രാഹുല്‍ തുടര്‍ന്നു.
കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണം. ക്രിമിനല്‍ സംഘമായി ഒരു പാര്‍ട്ടി ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ല. അത് നാടിന്റെ സ്വൈരജീവിതത്തിന് അപകടമാണ്. മനു തോമസിന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
#youth #congress #will #protect #manuthomas #comes #says #rahulmamkootathil
