വളയം: (നാദാപുരം ) (truevisionnews.com) ഇന്നലെ കനത്ത് പെയ്ത മഴ ഇന്ന് മാറി നിന്നു , എന്നാൽ ഇവിടെ തോരാത്ത കണ്ണീർ മഴയായിരുന്നു.

ഒരു കുടുംബത്തിൻ്റെ ജീവിത സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ കുട്ടിത്തം വിട്ടുമാറും മുമ്പെ കടലിനക്കരെ പോയ നവനീത് ഇന്ന് പുലർച്ചെ മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായാണ്.
ഖത്തർ ദോഹയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിയൊന്നുകാരൻ്റെ വേർപാട് കുടുംബത്തിന് മാത്രമല്ല , ഈ നാടിന് തന്നെ ഇനിയും ഉൾക്കൊള്ളാനായില്ല.
ഡിവൈഎഫ്ഐ പ്രവർത്തകനായും ഒറ്റവരുടെ പ്രിയ ചങ്ങാതിയായും എല്ലാവരും സ്നേഹത്തിൽ പൊതിഞ്ഞ് വിഷ്ണു എന്ന് വിളിക്കുന്ന നവനീതിൻ്റെ വിയോഗം അത്രയേറെ വലുതാണ് ഈ നാടിന്.
"പെങ്ങളുടെ കല്യാണം നടത്തണം ഏറിയാൽ ഒരു മൂന്ന് കൊല്ലം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങണം" നവനീത് പലപ്പൊഴും ഇങ്ങനെ പറയാറുണ്ടായിരുന്നു.
മിടുക്കനായ ഡ്രൈവറായിരുന്നു, ഏവർക്കും പ്രിയപ്പെട്ടവനും ഖത്തറിലെ സുഹൃത്തുകളും ഇങ്ങനെ പറയുന്നു. നവനീത് - വിഷ്ണുൻ്റെ മൃതദേഹം ഇന്ന് പുലർച്ചെ ആറോടെയായിരുന്നു വീട്ടിലെത്തിച്ചത്.
വീടിന് സമീപത്തും പിന്നീട് വീട്ടുമുറ്റത്തും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിച്ചത്. നവനീത് കളിച്ച് വളർന്ന മുറ്റത്തോട് ചേർന്ന ആറടി മണ്ണിലേക്ക് രാവിലെ പത്തുമണിയോടെ അവൻ മടങ്ങി.
മദീന ഖലീഫയ്ക്ക് അടുത്തെ സിഗ്നൽ പോസ്റ്റിൽ 16 ന് രാവിലെ 11 മണിക്കുണ്ടായ വാഹനാപകടത്തിലാണ് വളയം ചുഴലിയിലെ പുത്തൻ പുരയിൽ നവനീത്(21) മരിച്ചത്.
ഖത്തർ ഏർവെയിസിൻ്റെ ഫ്ലെറ്റിൽ ഇന്നലെ രാത്രി ഖത്തർ സമയം 7 മണിക്കാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത് . പുലർച്ചെ രണ്ടിന് കരിപ്പൂരിൽ എത്തി.
ഒരു വർഷമായി നവനീത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം.
മദീനാ ഖലീഫയിൽ സിഗ്നൽ ശ്രദ്ധിക്കാതെ ഖത്തർ സ്വദേശി ഓടിച്ചു വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നവനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഖത്തർ ഫിങ്കർ പ്രിൻ്റ് ഡിപ്പാർട്ട് മെൻ്റ് ജീവനക്കാരി ഉൾപ്പെടെ കാറിലെ യാത്രക്കാരായ രണ്ട് സത്രീകളും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നവനീത് ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.
അവിവാഹിതനാണ്. ഡ്രൈവറായ ചുഴലി വട്ടച്ചോലയിലെ പുത്തൻ പുരയിൽ പ്രകാശൻ്റെയും റീജയുടെയും മകനാണ്. നേഴ്സിംഗ് വിദ്യാർത്ഥിനിയായ നൈതികയാണ് സഹോദരി.
#Car #accident #Qatar #Navneet's #body #cremated
