ദില്ലി: ( www.truevisionnews.com ) ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാജ്യ തലസ്ഥാനമായ ദില്ലിയിലെയടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഇന്ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
2024 ൽ ഇന്ത്യ ആര് ഭരിക്കണമെന്ന വിധിയെഴുത്തിൽ ഇതുവരെ 428 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് 58 മണ്ഡലങ്ങളില്‍ കൂടി തെരഞ്ഞെടുപ്പ് നടക്കുന്നതോടെ 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിയും. 57മണ്ഡലങ്ങള്‍ മാത്രമാകും ശേഷം ജനവിധി കുറിക്കാനുണ്ടാകുക.
ദില്ലിയിൽ ആകെയുള്ള ഏഴ് ലോക്സഭ സീറ്റിലും ഹരിയാനയിലെ പത്ത് ലോക്സഭ സീറ്റിലും ഉത്തർപ്രദേശിലെ പതിനാല് മണ്ഡലങ്ങളിലും ബംഗാളിലും ബിഹാറിലും എട്ട് മണ്ഡലങ്ങളിലുമടക്കമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ്.
ദില്ലിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. കെജ്രിവാളിന്‍റെ ജയില്‍ മോചനവും മദ്യനയക്കേസും സ്വാതി മലിവാള്‍ വിഷയവും വലിയ ചർച്ചയായിരിക്കെയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ്.
മെഹബൂബ മുഫ്തി, മനോഹർലാല്‍ ഖട്ടാർ, മേനക ഗാന്ധി, അഭിജിത്ത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നീ പ്രമുഖരെല്ലാം ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 45 സീറ്റുകളില്‍ എൻ ഡി എ ആണ് വിജയിച്ചിരുന്നത്.
കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇന്ത്യ സഖ്യവും.
ബി ജെ പിയും എൻ ഡി എയുമാകട്ടെ കഴിഞ്ഞ തവണത്തെക്കാൾ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
#loksabha #election #2024 #phase #6 #live #updates #delhi #haryana #58 #seats #vote