കോഴിക്കോട്: ( www.truevisionnews.com ) ദേശീയപാത 66ല്‍ കൊടല്‍ നടക്കാവ് ചിറക്കല്‍ ഭാഗത്ത് സംരക്ഷണഭിത്തി തകര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കരാറുകാരുടെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്ന് പിടിഎ റഹീം.
എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായതെന്നും റഹീം അറിയിച്ചു.
'ബുധനാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് ഹൈവേ നവീകരണാര്‍ത്ഥം ഏറെ ഉയരത്തില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും സ്ലാബുകളും ഇടിഞ്ഞു വീണത്.
രണ്ട് വീടുകള്‍, അമ്പലം, അംഗനവാടി എന്നിവ തകരുകയും വിളകള്‍ക്കും കിണറുകള്‍ക്കും നാശം സംഭവിക്കുകയും ചെയ്ത ദുരന്തത്തില്‍ സര്‍വീസ് റോഡ് ഉപയോഗ ശൂന്യമാകുകയും ഗ്രാമപഞ്ചായത്ത് റോഡ് തടസ്സപ്പെടുകയും ചെയ്തിരുന്നു.
നിര്‍മാണത്തിലെ അശാസ്ത്രീയത നേരത്തെ തന്നെ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ പ്രവൃത്തി തുടര്‍ന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇടിഞ്ഞുവീണ സ്ലാബുകളും കല്ലുകളും പതിച്ച് തകര്‍ന്ന വീടുകളിലെ താമസക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.' സംഭവം പ്രദേശത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതോടെ, നടത്തിയ ഇടപെടലാണ് പരിഹാര നടപടികള്‍ക്ക് വഴിയൊരുക്കിയതെന്നും റഹീം പറഞ്ഞു.
'തകര്‍ന്നുപോയ രണ്ട് വീടുകളും പുനര്‍നിര്‍മ്മിച്ച് നല്‍കാനും താമസക്കാരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനും അമ്പലം, കിണര്‍ തുടങ്ങിയവ നന്നാക്കുന്നതിനും കരാറുകാര്‍ സ്വന്തം നിലയില്‍ നടപടി സ്വീകരിക്കും.
കുടിവെള്ള പദ്ധതി ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രത്തിലേക്കുള്ള റോഡ് സംരക്ഷിക്കുന്നതിനും ഇളകിക്കിടക്കുന്ന ഭാഗം ഇടിയാതിരിക്കാന്‍ സ്റ്റീല്‍ റാഡുകള്‍ സ്ഥാപിക്കുന്നതിനും വീടുകളും പരിസരവും ശുചീകരിക്കല്‍, ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്തല്‍, വിളകള്‍ക്ക് ഉള്‍പ്പെടെ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കല്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും പ്രവര്‍ത്തിയിലുണ്ടായ പോരായ്മകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കരാറുകാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും റഹീം അറിയിച്ചു.
#kozhikode #wall #collapse #damages #decided #fix #contractor #liability #pta #rahim