ന്യൂഡൽഹി: (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള താരപ്രചാരകരുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിയന്ത്രണം വേണമെന്ന താക്കീതുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.
പരസ്യപ്രചാരണത്തിനിടെ താരപ്രചാരകർ നടത്തുന്ന വിവാദപാരാമർശങ്ങൾ നിയന്ത്രിക്കണമെന്ന് അറിയിച്ചാണ് ഭരണകക്ഷിയായ ബിജെപിക്കും മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും കമ്മിഷൻ നോട്ടിസ് അയച്ചത്.
രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷത്തിന്, തിരഞ്ഞെടുപ്പിന്റെ ഇരയാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷൻ ജെപി നഡ്‌ഡയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക നിർദേശങ്ങൾ നൽകി.
തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിജയിക്കാൻ വേണ്ടിയുള്ള മത്സരം മാത്രമല്ലെന്നും തങ്ങളെ ഏറ്റവും നല്ല മാതൃകയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ തിരഞ്ഞെടുപ്പ് പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ ഇരുകക്ഷികളെയും അനുവദിക്കില്ലെന്നും നോട്ടിസിൽ പറയുന്നു.
ഇരുപാർട്ടി പ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ വിവാദപരാമർശങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കൾക്കെതിരെ പരസ്പരം പരാതി നൽകിയിരുന്നു. ഈ പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപ് പ്രതികരിച്ചിരുന്നത്.
ആരോപണങ്ങളിൽ നോട്ടിസ് അയയ്ക്കുകയും, പ്രതികരണം തേടുകയും ചെയ്ത കമ്മിഷൻ ഇന്ന് നൽകിയ നിർദ്ദേശങ്ങളിലെ താരപ്രചാരകാരുടെ പ്രതികരണങ്ങളെ തള്ളിക്കളയുകയായിരുന്നു.
#campaigners #including #Modi #Rahul #controlled: #ElectionCommission #issues #notice #Congress #BJP