ടെഹ്റാൻ: (truevisionnews.com) സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ്. പരമാവധി 15 വർഷത്തെ തടവുശിക്ഷയാണ് ലഭിക്കുക.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്. ധാർമിക അപചയത്തിൽ നിന്നും സ്വവർഗരതിക്കുള്ള ആഹ്വാനങ്ങളിൽ നിന്നും ഇറാഖി സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് നിയമത്തിൽ പറയുന്നത്.
വേശ്യാവൃത്തിക്കും സ്വവർഗരതിക്കുമെതിരായ നിയമ പ്രകാരം കുറഞ്ഞത് 10 വർഷവും പരമാവധി 15 വർഷവും തടവുശിക്ഷയാണ് ലഭിക്കുക.
സ്വവർഗരതിയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. ലിംഗമാറ്റം വരുത്തിയാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ആണ് പെണ്ണിനെപ്പോലെയോ പെണ്ണ് ആണിനെപ്പോലെയോ വസ്ത്രം ധരിച്ചാലും സമാന ശിക്ഷ ലഭിക്കും. സ്വവർഗ ലൈംഗികതയ്‌ക്ക് നേരത്തെ വധശിക്ഷയാണ് ഇറാഖിൽ പരിഗണിച്ചിരുന്നത്.
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നിയമം പാസാകുന്നതിന് മുൻപ് തന്നെ എൽജിബിടി വ്യക്തികള്‍ വേട്ടയാടപ്പെടുന്നതായി പരാതി ഉയർന്നിരുന്നു.
എൽജിബിടി വിരുദ്ധ നിയമം മൗലികാവകാശങ്ങൾക്ക് കനത്ത പ്രഹരമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ എൽജിബിടി റൈറ്റ്സ് പ്രോഗ്രാമിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ റാഷ യൂനസ് പറഞ്ഞു.
ഈ നിയമം അപകടകരവും ആശങ്കാജനകവുമാണെന്ന് യുകെ സ്റ്റേറ്റ് സെക്രട്ടറി ലോർഡ് ഡേവിഡ് കാമറൂൺ പ്രതികരിച്ചു. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ ഇറാഖ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇത്തരം നിയമങ്ങള്‍ അന്താരാഷ്ട്ര വിനിമയത്തിനും വിദേശ സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും തടസ്സമാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
60ലധികം രാജ്യങ്ങൾ സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. അതേസമയം 130ലധികം രാജ്യങ്ങളിൽ സ്വവർഗ ലൈംഗികത നിയമപരമാണ്.
#Iraq #passes #law #criminalizing #samesex #relationships