ആറ്റിങ്ങൽ: (truevisionnews.com) മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി.

പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 20 വർഷം കഠിന തടവിന് പുറമേ നാലുലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. 2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് പ്രതി മാതാവിനൊപ്പം താമസിച്ച് വന്നിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്.
പെൺകുട്ടി ഭയന്ന് സംഭവം ആരോടും പറയാതെ മറച്ചുവച്ചു. പിന്നീട് വീട്ടിൽ പറയാതെ സ്ഥിരമായി കൂട്ടുകാരിയുടെ വീട്ടിൽ പോയി തുടങ്ങിയപ്പോൾ പെൺകുട്ടിയെ മാതാവ് കൗൺസിലിങ്ങിന് ഹാജരാക്കി. മഹിളാമന്ദിരത്തിൽ താമസിപ്പിച്ച് വരവേയാണ് മുൻപ് നേരിട്ട ലൈംഗിക അതിക്രമം സംബന്ധിച്ച് അതിജീവിത വെളിപ്പെടുത്തിയത്.
പൂജപ്പുര പോലീസാണ് അന്വേഷണം ആരംഭിച്ചത്. സംഭവം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മംഗലാപുരം പോലീസാണ് അന്വേഷണം പൂർത്തിയാക്കിയത്. അറസ്റ്റിലായ പ്രതി വിചാരണ തടവുകാരനായി ജയിലിൽ തുടരവെയാണ് കോടതി സാക്ഷി വിസ്താരം നടത്തി വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.
ബലാത്സംഗ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, പ്രതി 20 വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും, 4 ലക്ഷം രൂപ പിഴത്തുകയായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു.
പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം.
ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ഉണ്ടാകുമെന്നും ഉത്തരവുണ്ട്.ലീഗൽ സർവീസ് അതോറിറ്റി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തി അതിന്റെ നടപടിയും കോടതി നിർദ്ദേശിച്ചു.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും, 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. മംഗലാപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സജീഷ് എച്ച്എൽ ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.
#court #sentenced #accused #20years #rigorous #imprisonment #case #sexually #assaulting #his #daughter.
