കൊളംബോ: (truevisionnews.com) ശ്രീലങ്കയിൽ കാണികൾ തിങ്ങിനിറഞ്ഞ കാർ റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു.
21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന പ്രധാന മോട്ടോർ സ്പോർട് പരിപാടിക്കിടെയായിരുന്നു ദുരന്തം. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിങ് നടന്നത്.
ഇവിടെ സുരക്ഷാ വേലിയില്ലാത്ത ഒരു സ്ട്രെച്ചിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തു നിന്ന് കാണികളിൽ ഒരാൾ പകർത്തിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആദ്യം ട്രാക്കിൽ ഒരു കാർ തലകീഴായി മറിഞ്ഞതിന് പിന്നാലെ ട്രാക്ക് മാർഷൽമാരെത്തി മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കൊടി വീശി മുന്നറിയിപ്പ് നൽകുന്നത്. പിന്നാലെ പൊടിപറത്തി ഏതാനും കാറുകൾ പാഞ്ഞെത്തുന്നു.
ഇതിലൊരു കാറാണ് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. ആളുകളുടെ നിലവിളിയാണ് പിന്നീട് എങ്ങും നിറയുന്നത്. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതിൽ ഏഴ് പേർ മരിച്ചെന്നും പരിപാടിയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.
മരിച്ചവരിൽ ഒരാൾ എട്ട് വയസുള്ള പെൺകുട്ടിയാണ്. കൊവിഡ് മഹാമാരിയും ശ്രീലങ്കയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വർഷമായി മുടങ്ങിപ്പോയ കാർ റേസിങാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്.
പരിപാടിയുടെ പ്രചരണാർത്ഥം എല്ലാവർക്കും ഇക്കുറി പ്രവേശനം സൗജന്യവുമാക്കി. ഞായറാഴ്ച ഇത് സംബന്ധിച്ച് ശ്രീലങ്കൻ സൈനിക മേധാവിയാണ് പ്രഖ്യാപനം നടത്തിയത്.
180 കിലോമീറ്ററുള്ള ഫോക്സ് ഹിൽ സർക്യൂട്ടിൽ ഒരു ലക്ഷത്തോളം കാഴ്ചക്കാർ എത്തുമെന്ന പ്രതീക്ഷയും സൈനിക മേധാവി പങ്കുവെച്ചിരുന്നു.
#During #race, #car #pectators #accident #occurred; #Seven #people #died, #including #child