തിരുവനന്തപുരം: (truevisionnews.com) തീപിടിത്തത്തെ തുടർന്ന് വീട് കത്തിനശിച്ചു. തിരുവനന്തപുരം ജില്ലയിലെ വളളക്കടവിലാണ് സംഭവം.

വീടിനുളളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. മുറികളിലുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെട്ടവ പൂർണ്ണമായും കത്തിനശിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വളളക്കടവ് പതിനാറേകാൽ മണ്ഡപം കുന്നിൽ വീട്ടിൽ സഹൃദയ റസിഡൻസിൽ ഹയറുന്നീസയുടെ ഷീറ്റുമേഞ്ഞ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്.
വീടിന്റെ വരാന്തയിലുണ്ടായിരുന്നു ഫാനിൽനിന്ന് പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെയാണ് തീ ആളിപ്പടർന്നത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഹയറുന്നീസയും മരുമകളും മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും അടുക്കളയിലെത്തി പാചക വാതക സിലിണ്ടറുകളുടെ വാൽവ് ഓഫ് ചെയ്യുകയും ചെയ്തശേഷം പുറത്തേക്ക് ഇറങ്ങിയോടി.
സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമാറിയിച്ചത്. ചാക്കയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, സജീവ്, സേനാംഗങ്ങളായ ലതീഷ്, ആദർശ്, മുകേഷ്, ദീപു, ഹാപ്പിമോൻ എന്നിവർ ഉൾപ്പെട്ട രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി.
ഒരുമണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീയണച്ചത്. തീ ആളിപ്പടർന്ന് വീട്ടിലെ നാല് മുറികളിലേയും ഗ്യഹോപകരണങ്ങളും വസ്ത്രങ്ങളും മുഴുവനായി കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ചാക്ക അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു.
#Fan #explosion: #Fireball #followed, #house #gutted # Thiruvananthapuram
