കോഴിക്കോട്: (truevisionnews.com) രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് യുഡിഎഫ് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
പിണറായിയെ എന്തുകൊണ്ടാണ് ഇ ഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. കെജ്രിവാളിനെയും ഹേമന്ത് സോരേനെയുമെല്ലാം ഇഡി അറസ്റ്റു ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ്.
ഡൽഹിയിൽ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുൽ പക്ഷെ, കേരളത്തിലെത്തി സമാന അറസ്റ്റ് ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സ്ഥിതിഗതികൾ മനസിലാക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാവുന്നത്.
ദേശീയ തലത്തിൽ എന്ത് രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നൽകുന്നതെന്ന് ചോദിച്ച ഡി രാജ ദേശീയ നേതാവായ രാഹുൽ ഗാന്ധി ഇത്തരത്തിൽ തരംതാണ പ്രതികരണം നടത്തരുതായിരുന്നുവെന്നും വ്യക്തമാക്കി.
ആരാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ജനങ്ങളോട് പറയാൻ കോൺഗ്രസിന് കഴിയുമോ. എന്നാൽ ബിജെപിയും അവരുയർത്തുന്ന വർഗീയ- ഫാസിസ്റ്റ്-കോർപറേറ്റ് അനുകൂല നയങ്ങളെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പറയാൻ ഇടതുപക്ഷത്തിന് കഴിയും.
ജനങ്ങളോട് എന്ത് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ് യു ഡി എഫ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ കേരള ജനത മറുപടി നൽകുമെന്നും ഡി രാജ പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സംരക്ഷിക്കാനും വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് തകർത്തെറിയാനുമുള്ള പോരാട്ടമാണ് നടക്കുന്നത്.
കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നത്. കോർപറേറ്റ് അനുകൂല നയങ്ങൾ നടപ്പാക്കി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ രാജ്യത്ത് സാമ്പത്തിക അസമത്വം ദിനംപ്രതി വർധിക്കുകയും വൻകിട കുത്തകകൾ രാജ്യ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യടക്കുകയും ചെയ്യുന്നു.
ഇതേ സമയം സാധാരണക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും നിറവേറ്റാൻ സർക്കാർ തയ്യാറാവുന്നില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുകയും രൂപയുടെ വിലയിടിയുകയും ചെയ്യുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കപ്പെടുന്നു. എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാറിൽ കേന്ദ്രീകരിച്ചും സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ചുംകൊണ്ടുള്ള ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും മണിപ്പൂരിനെ അശാന്തിയിലേക്ക് തള്ളിവിടുകയും ചെയ്തു.
ലോകത്തെല്ലായിടത്തും സഞ്ചരിക്കുകയും എന്തിനെക്കുറിച്ചും അഭിപ്രായം പറയുകയും ചെയ്യുന്ന മോഡിക്ക് മണിപ്പൂരിനെക്കുറിച്ച് മാത്രം മിണ്ടാട്ടമില്ല. വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ മതേതര രാജ്യമായി തന്നെ തുടരണം.
അതിന് ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണം. എന്നാൽ തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ചിന്തിക്കാതെ രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരെല്ലാം കേരളത്തിലെത്തി മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്.
പാർട്ടി വിട്ട് ദിനംപ്രതി ബിജെപിയിൽ ചേർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ആശയദാരിദ്ര്യം തന്നെയാണ് തുറന്നുകാണിക്കുന്നത്.
പാർലമെന്റിനകത്തും പുറത്തും ജനവിരുദ്ധമായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ ഉൾപ്പെടെ സമാഹരിച്ച പണം കൊണ്ട് തെരഞ്ഞെടുപ്പിൽ പരസ്യത്തിനായി കോടികളാണ് ബിജെപി ഒഴുക്കുന്നത്.
കേരളത്തെ അപമാനിക്കുന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ ഉൾപ്പെടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. പാർലമെന്റ് കോടീശ്വരൻമാരുടെ ക്ലബല്ല. യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥികളായി നിർത്തിയിരിക്കുന്നത് സമ്പന്നരെയാണ്.
എന്നാൽ ജനങ്ങളെ അറിയുന്നവരും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ.
അതുകൊണ്ട് തന്നെ ഇടതു മുന്നണിക്ക് അനുകൂലമായി കേരള ജനത വിധിയെഴുതുകയും പാർലമെന്റിൽ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എ പ്രദീപ് കുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
#Killing #Pinarayi #because #political #stance: #DRaja #Rahul
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)