കോഴിക്കോട് : (truevisionnews.com) സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.
അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച മുനവ്വറലി ശിഹാബ് തങ്ങൾ ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് പറഞ്ഞു.
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.
വെള്ളിയാഴ്ചയാണ് സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത്.
മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. 'സേവ് അബ്ദുൽ റഹീം' ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക് അറിയാൻ സാധിച്ചിരുന്നു.
വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്.
#Munawvarali #ShihabThangal #visited #AbdulRahim's #mother