കോട്ടയം: (truevisionnews.com) തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങളുടെ ചുരുളഴിയുന്നു.

നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നുവെന്നും അതിൽ സാത്താൻ സേവ പോലെ എന്തോ ആണുള്ളതെന്നും ബന്ധുകൂടിയായ മാത്യു പറയുന്നു.
ദേവിയും അതിൽ അംഗമാണെന്നാണ് പറയുന്നത്. 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ചിന്തയിലേക്ക് ഇരുവരുടെയും മനസ് മാറിയിരുന്നെന്നും ഈ സംഘടനയിലൂടെയാണ് അവർ അരുണാചലിലേക്ക് പോയതെന്നും നാട്ടുകാർ പറയുന്നു.
കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നൽകിയിരുന്നു.
തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവെയാണ് അരുണാചലിൽ ഇവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് മാസം 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു.
നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാർച്ച് 17-നാണ്.
മാർച്ച് 28-നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവി പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍റെ മകളാണ്.
#malayali #couple #teacherdeath #arunachalpradesh
