കൽപ്പറ്റ: (truevisionnews.com) വയനാട് പുക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിൻെറ കുടുംബം തിങ്കളാഴ്ച ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു.
തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഗവർണർ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് മേധാവി ഗവർണറെ അറിയിച്ചു. അതേസമയം ഗവർണർ സിദ്ധാർത്ഥിൻെറ വീട് സന്ദർശിച്ചേക്കും.
സിദ്ധാർത്ഥിൻ്റെ ദുരൂഹ മരണത്തിൽ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പിടികൂടി. പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതികളെ ഹോസ്റ്റലിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവെടുപ്പുമാണ് ഇപ്പോൾ പൊലീസിന് മുന്നിലുള്ളതെന്നും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും ചെയ്തു. വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കൽപ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
#Mysterious #death #veterinary #college #student #Governor #may #intervene #visit #house