ബംഗളുരു: (truevisionnews.com) അപ്പാർട്ട്മെന്റിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 37 വയസുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ബന്ധുവായ 20 വയസുകാരൻ വിജയവാഡയിൽ നിന്ന് ബംഗളുരുവിലെത്തി യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് തെളിഞ്ഞു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറത്തുവന്നത്.
ഫെബ്രുവരി 16നാണ് ഹൗസ് കീപ്പിങ് ജീവനക്കാരിയായ സുകന്യയെ കാണാതായത്. ജോലിക്ക് പോയിട്ട് മടങ്ങിവരാതായതോടെ ഭർത്താവ് നരസിംഹ റെഡി പിറ്റേ ദിവസം ഇലക്ട്രോണിക് സിറ്റി പൊലീസിൽ പരാതി നൽകി.
പൊലീസ് സുകന്യയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചു. കാണാതായ ദിവസം പല തവണ ബന്ധുവായ ജസ്വന്ത് റെഡി വിളിച്ചിരുന്നതായി കണ്ടെത്തി.
രണ്ട് പേരുടെയും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും കെ.ആര്‍ പുരത്ത് ഒരുമിച്ചുണ്ടായിരുന്നതായും കണ്ടെത്തി. മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായ ജസ്വന്തും കാണാതായ സുകന്യയും തമ്മിൽ നല്ല അടുപ്പമുണ്ടായിരുന്നു.
ജസ്വന്തിനെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ സുകന്യയെ കണ്ടിട്ടില്ലെന്നും മാസങ്ങൾക്ക് മുമ്പാണ് ഫോണിൽ പോലും സംസാരിച്ചതെന്നും പറഞ്ഞു. എന്നാൽ ഫോൺ കോൾ രേഖകൾ മുന്നിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ പിടിച്ചുനിൽക്കാനാവാതെ ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്വന്ത് ഓടിച്ചിരുന്ന ഒരു വാഹനം അപകടത്തിൽപ്പെട്ടു. ഈ സംഭവം കേസാക്കാതിരിക്കാൻ 50,000 രൂപ വേണമെന്ന് വാഹന ഉടമ ആവശ്യപ്പെട്ടു.
ഈ പണം സുകന്യ തന്ന് സഹായിക്കുമെന്ന് ജസ്വന്ത് കരുതി. ഇതിനായി വിജയവാഡയിൽ നിന്ന് റെന്റ് എ കാറിൽ ബംഗളുരുവിലെത്തി. സുകന്യയെ വിളിച്ചു, വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. യാത്രാ മദ്ധ്യേ പണം ചോദിച്ചപ്പോൾ സുകന്യ തന്റെ കൈവശം അത്രയും തുകയില്ലെന്ന് വെളിപ്പെടുത്തി.
എന്നാൽ ബിംഗിപുരയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയ ശേഷം സുകന്യയെ കഴുത്ത് ഞെരിച്ചുകൊന്നു. കഴുത്തിലുണ്ടായിരുന്ന 25 ഗ്രാം തൂക്കം വരുന്ന മാലയും മൊബൈൽ ഫോണും എടുത്ത ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു.
പിന്നീട് ഹൊസൂരിൽ പോയി അഞ്ച് ലിറ്റർ പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം കത്തിച്ചുകളഞ്ഞു. മൊബൈൽ ഫോണുമായി കെ.ആർ പുരത്തേക്ക്പോയി അവിടെ ഉപേക്ഷിച്ചു.
തുടർന്ന് വിജയവാഡയിലേക്ക് മടങ്ങി. മാല വിറ്റ് 95,000 രൂപ വാങ്ങി. ഇതിൽ 50,000 രൂപ ഉപയോഗിച്ച് കടം തീർത്തു. ബാക്കി പണം ഉപയോഗിച്ച് കൂട്ടുകാരോടൊപ്പം ഗോവയിൽ പോയി പാർട്ടി നടത്തി.
പിന്നീട് നാട്ടിൽ തിരിച്ചെത്തി കോളേജിൽ ക്ലാസിലെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ജസ്വന്ത് മൃതദേഹം കത്തിച്ച സ്ഥലം കാണിച്ചുകൊടുത്തു.
എന്നാൽ കത്തിനശിക്കാൻ ബാക്കിയുള്ള കുറച്ച് എല്ലുകളും അവശിഷ്ടങ്ങളും മാത്രമാണ് ഇവിടെ നിന്ന് കിട്ടിയത്. ജസ്വന്ത് കഴുത്ത് ഞെരിക്കുമ്പോൾ സുകന്യ ബോധരഹിതയായിരിക്കാമെന്നും പിന്നീട് തീ കൊളുത്തി കൊല്ലുകയായിരുന്നിരിക്കാം എന്നുമാണ് പൊലീസിന്റെ അനുമാനം.
#Breakthrough #case #missing #37yearold #woman #Relative #youngman #killed #burned #party #Goa #money #he #got