www.truevisionnews.com 2016ലെ ഒരു അടിപിടി. അതിന് 5 വർഷങ്ങൾക്കു ശേഷം പകരംവീട്ടലായി ഒരു കൊലപാതകം. അതിനും മൂന്നു വർഷങ്ങൾക്കിപ്പുറം കൊലപാതകക്കേസിലെ പ്രതികളിലൊരാൾ കൊല്ലപ്പെടുന്നു.
ഏകദേശം 10 വർഷത്തോളം നീളുന്ന ‘ഗുണ്ടാപ്പക’യുടെ കഥയാണ് ഇന്നലെ കൊച്ചി പള്ളുരുത്തിയിൽ നടന്ന കൊലപാതകം വ്യക്തമാക്കുന്നത്. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ ലാല്‍ജു (40) ആണ് പള്ളുരുത്തിയിൽ വച്ച് കുത്തേറ്റു മരിച്ചത്.
ഫാജിസ്, ചോറ് അച്ചു എന്നീ രണ്ടു പ്രതികളെ പൊലീസ് ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി അറസ്റ്റ് ചെയ്തിരുന്നു. ലാൽജുവിനൊപ്പം കുത്തേറ്റ ജോജി എന്നയാൾ ചികിത്സയിലാണ്.
∙ അന്ന് ബിജുവിനെ മർദിച്ചു
2016ലാണ് കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്നയാളും അയൽവാസിയായ തറേപ്പറമ്പിൽ ബിജുവുമായി കശപിശയുണ്ടാകുന്നത്. ലാസറിന്റെ സഹോദരൻ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയായിരുന്നു. ഈ പ്രശ്നം അവസാനിച്ചത് ബിജുവുമായുള്ള അടിപിടിയിലാണ്. ലാസറിന്റെ സഹോദരന്റെ മർദനത്തിൽ ബിജുവിന്റെ കയ്യൊടിഞ്ഞു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ലാസറിന്റെ സഹോദരൻ ആത്മഹത്യ ചെയ്തു. ബിജുവിന്റെ ഒടിഞ്ഞ കൈ അപ്പോഴും ഭേദരപ്പെട്ടിരുന്നില്ല. അകത്തിട്ടിരുന്ന കമ്പി ഇൻഫക്ഷനായി ഇടക്കിടെ പഴുത്തു. ലാസറിന്റെ സഹോദരൻ മരിച്ചതോടെ അതുവരെ നാടു വിട്ടു നിന്നിരുന്ന ബിജു തിരിച്ചെത്തി. ലാസറിനോട് പക വീട്ടുക എന്നതായിരുന്നു അടുത്ത പടി. അതുണ്ടായത് അടിപിടി കഴിഞ്ഞ് 5 വർഷങ്ങൾക്ക് ശേഷം
∙ എല്ലാം പറഞ്ഞു തീർക്കാൻ ക്ഷണം, ഒടുവിൽ...
പ്രശ്നങ്ങൾ പറഞ്ഞു തീര്‍ക്കാനാണ് ബിജു ലാസറിനെ തന്റെ ഒഴിഞ്ഞു കിടന്ന പുരയിടത്തിലേക്ക് ക്ഷണിക്കുന്നത്. ബിജുവിനൊപ്പം ശെൽവൻ, ലാൽജു എന്നീ സുഹൃത്തുക്കളും. എല്ലാവരും മൂക്കറ്റം മദ്യപിച്ചു. ഇതിനിടെ, തന്നെ പണ്ട് മർദിച്ച കാര്യവും തന്റെ കൈയുടെ അവസ്ഥയും ബിജു എടുത്തിട്ടു.
ഈ സംസാരം എത്തിയത് വലിയ തർക്കത്തിൽ. ഇതോടെ ബിജുവിനെ തല്ലാനായി കാലു നിലത്തുറയ്ക്കാത്ത ലാസർ എഴുന്നേറ്റു. എന്നാൽ മറ്റു മൂന്നു പേരും ചേർന്ന് ലാസറിനെ ചവിട്ടി വീഴ്ത്തി. തല ഭിത്തിയിൽ ഇടിപ്പിച്ചു. നെഞ്ചിലുള്ള ചവിട്ടിൽ വാരിയെല്ലുകൾ തകർന്ന് ലാസർ മരിച്ചു. ഇതോടെ മൃതദേഹം മറവു ചെയ്യാനായി തീരുമാനം. ഇതിന് സഹായിച്ചത് ബിജുവിന്റെ ഭാര്യ രാഖിയും
∙ ലാസറിന്റെ വയറു കീറി കല്ലു നിറച്ചു
കൊല്ലപ്പെട്ട ലാസറിന്റെ വയറു കീറി കല്ലും മണ്ണും നിറച്ച് കുഴിച്ചിടാൻ ഉപദേശിച്ചത് ബിജുവിന്റെ ഭാര്യ മാളു എന്നു വിളിക്കുന്ന രാഖിയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അപ്രകാരം തന്നെ ബിജുവിന്റെ വീടിനടുത്തുള്ള വരമ്പില്‍ ലാലുവിനെ ഇവർ കുഴിച്ചിടുകയും ചെയ്തു. 2021 ജൂലൈ 9നായിരുന്നു ഈ സംഭവം.
തുടർന്ന് ലാലുവിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പൊലീസിനെ സമീപിച്ചു. അന്വേഷണം തുടങ്ങി. ബിജുവിനെയും കൂട്ടാളികളെയുമൊക്കെ ചോദ്യം ചെയ്തു. പക്ഷേ നാട്ടുകാർ അടക്കം പറയുന്നുണ്ടായിരുന്നു, കൊല്ലപ്പെട്ട അന്ന് ലാസർ ബിജുവിനും സംഘത്തിനുമൊപ്പം പോയിരുന്നു എന്നറിയാവുന്നവരും ഉണ്ടായിരുന്നു എന്ന് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു.
പൊലീസ് സംശയിക്കുന്നു എന്നു മനസ്സിലായതോടെ എല്ലാവരും ഒളിവിൽ പോയി. എന്നാൽ സെൽവനേയും രാഖിയേയും പൊലീസ് ആദ്യം പിടികൂടി. പിന്നാലെ ബിജുവിനെയും ലാൽജുവിനെയും. അതോടെയാണ് 5 വർഷം നീണ്ട പ്രതികാരത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്.
∙ ലാല്‍ജുവിന്റെ കൊലയ്ക്കു പിന്നിലും ആ പക?
കേവലം വാക്കുതർക്കങ്ങളുടെ പേരിൽ ഉണ്ടായ കൊലപാതകമല്ല ലാൽജുവിന്റെത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകളും. പിടിയിലായ ഫാജിസും ചോറ് അച്ചുവും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നതാണ് പൊലീസ് പറയുന്നതും. അങ്ങനെയെങ്കിൽ ലാസറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം വീട്ടലായിരുന്നോ ലാൽജുവിന്റെ ജീവനെടുത്തത് എന്നതാണ് ഇനി അറിയാനുള്ളത്.
#murder #after #vicious #cycle #revenge #rocks #kochis #underworld