കോഴിക്കോട്: (truevisionnews.com) ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങി.
തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.
സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു. കേസിലെ പത്താം പ്രതി സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണനും കീഴടങ്ങി.
ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് നാണ് ഹൈക്കോടതി വാദം കേൾക്കുക. അന്ന് ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കാൻ വിധിന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും അതിന് പിന്നിലെ ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്.
കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിലും ഈ മാസം 26ന് കേരളാ ഹൈക്കോടതി വാദം കേൾക്കും. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട്ടെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടത്.
ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സിലെ ഗൂഢാലോചനയിൽ ജ്യോതി ബാബു പങ്കാളിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇരു പ്രതികൾക്കും ജാമ്യമില്ലാ വാറണ്ടാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കേസിൽ തടവിൽ കഴിയവെ മരിച്ച പി.കെ കുഞ്ഞനനന്തനെ ശിക്ഷിച്ചതും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ള മറ്റ് 22 പേരെ വെറുതെവിട്ടതും ഹൈക്കോടതി ശരിവെച്ചിരുന്നു.
#TPChandrasekaran #murder #case #CPM #leader #accused #JyotiBabu #KKKrishna #surrendered #court