കൊച്ചി: (truevisionnews.com) തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉഗ്രസ്‌ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാൻഡ് ചെയ്തു.
ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാൻഡിൽ അയച്ചിരിക്കുന്നത്.
ഇവർക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിപട്ടികയിലുള്ളവരിൽ പലരും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
സ്‌ഫോടനത്തിൽ മരിച്ച വിഷ്ണുവിന്റെ ഇൻക്വെസ്റ്റ് നടപടികൾ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിൽ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്ഫോടനത്തില്‍ എട്ട് വീടുകൾ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി.
ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നത്.
വീടുകളുടെ നഷ്ടപരിഹാരം സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നൽകണമെന്നാണ് വീട് തകർന്നവരുടെ ആവശ്യം. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ അറിയിച്ചു.
തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്‍പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
#four #people #arrested #incident #firecracker #warehouse #Tripunithura #remanded.