ചെന്നൈ: (truevisionnews.com) ഐപിഎല്‍ 2024 സീസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് നായകന്‍ എം എസ് ധോണി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്.
കഴിഞ്ഞ കുറച്ച് സീസണുകളിലും ഇതേ ചോദ്യം സജീവമായിരുന്നുവെങ്കിലും ഇതിനെയെല്ലാം മറികടന്ന് ധോണി കളി തുടരുകയായിരുന്നു. 42 വയസുകാരനായ ധോണി ഇപ്പോഴും പുതുപുത്തന്‍ താരത്തെ പോലെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ.
ധോണി 2024 സീസണോടെ ഐപിഎല്ലില്‍ നിന്നും പടിയിറങ്ങുമോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇർഫാന്‍ പത്താന്‍. 'ഇതെന്തായാലും എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ അല്ല.
ഞാന്‍ ഒരു മാസം മുമ്പ് ധോണിയെ കണ്ടിരുന്നു. അദേഹം മുടി വളർത്തുന്നുണ്ട്. 40 വയസ് പിന്നിട്ടെങ്കിലും പൂർണ ഫിറ്റ്നസിലാണ് ധോണി. ധോണിയുടെയും ആരാധകരുടെയും ഫ്രാഞ്ചൈസിയുടെയും നല്ലതിന് ധോണി ഐപിഎല്ലില്‍ കളി തുടരും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഒറ്റക്കാലില്‍ നിന്നുകൊണ്ട് ധോണി കളിച്ചാലും ആരാധകർ മത്സരം കാണാനുണ്ടാകും. താരം എന്ന നിലയില്‍ വിരമിച്ചാലും ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം ധോണി തുടരും. അദേഹം ഒരിക്കലും സിഎസ്കെ വിട്ടുപോകില്ല.
സിഎസ്കെ എന്ന് പറഞ്ഞാല്‍ ധോണിയാണ്, ധോണി എന്ന് പറഞ്ഞാല്‍ സിഎസ്കെയും' എന്നും ഇർഫാന്‍ പത്താന്‍ കൂട്ടിച്ചേർത്തു. 2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമായ എം എസ് ധോണി അവർക്ക് അഞ്ച് കിരീടം സമ്മാനിച്ച ഇതിഹാസ നായകനാണ്.
ഇടയ്ക്ക് ഫ്രാഞ്ചൈസിക്ക് വിലക്ക് കിട്ടിയപ്പോള്‍ മാത്രമാണ് മറ്റൊരു ടീമിലേക്ക് മാറിയത്. ഐപിഎല്‍ 2023 സീസണില്‍ ടീമിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ധോണി പിന്നാലെ കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇതിന് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഠിനപ്രയത്നം നടത്തിയ താരം റാഞ്ചിയില്‍ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിവരികയാണ്. ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിച്ച ധോണി 38.79 ശരാശരിയിലും 135.92 സ്ട്രൈക്ക് റേറ്റിലും 5082 റണ്‍സ് നേടിയിട്ടുണ്ട്.
#Dhoni's #last #IPL #season #not #coming; #IrfanPathan #big #revelation