(truevisionnews.com) തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ വലിയ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്‍റെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്.
തൃപ്പൂണിത്തുറയിൽ വെടിക്കെട്ടിനായി കരാറെടുത്ത തിരുവനന്തപുരം സ്വദേശിയുടെ ഗോഡൗണിലാണ് പരിശോധന നടന്നത്. പോത്തൻ കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.
ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും പൊലീസ് കണ്ടെത്തി. തൃപ്പൂണിത്തുറയില്‍ പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള ശാസ്തവട്ടം സ്വദേശി ആദര്‍ശന്‍റെ ഗോഡൗണില്‍ പോത്തൻകോട് പൊലീസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഗോഡൗണിലെ പരിശോധനയ്ക്ക പുറമെ ആദര്‍ശ് വാടകക്കെടുത്ത കാട്ടായികോണത്തെ മറ്റൊരു വീട്ടിലും വലിയ രീതിയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം പൊലീസ് കണ്ടെത്തി.
പൊട്ടിത്തെറി നടന്ന ഉടൻ ഗോഡൗൽണിൽ നിന്നും വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ,തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില്‍ പൊലീസ് കേസെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്.
അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്. വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉള്‍പ്പെടെ ചികിത്സയിലായതിനാല്‍ ഇവരില്‍നിന്നും വിവരങ്ങള്‍ തേടാനായിട്ടില്ല.പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.
പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു.
വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല.പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗം സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതും അനുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.
ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്‍റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ടെംപോ ട്രാവലര്‍ ഡ്രൈവറായ ഉള്ളൂര്‍ പോങ്ങുമ്മൂട് സ്വദേശി വിഷ്ണു (27) ആണ് മരിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു. 45 ലേറെ വീടുകളും നിരവധി വാഹനങ്ങളും നശിച്ചു. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചു.
#TripunithuraBlast #Ganja #large #quantity #explosives #found #contractor's #godown